കൊല്ലം: ‘ആ ഡോക്ടറുടെ അധിക്ഷേപത്തിന് ഞാൻ എന്തെങ്കിലും മറുപടി പറഞ്ഞെങ്കിൽ മൂന്ന് മാസം ഞാൻ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നില്ലേ’ – ചോദ്യം ഡോ. മുഹമ്മദ് ഇർഷാദിന്റേതാണ്. സാമൂഹ്യ ശാസ്ത്ര മേഖലയിൽ രാജ്യത്തെ ഏറ്റവും പ്രമുഖമായ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറാണ് അംഗപരിമിതനായ ഇർഷാദ്. കൊല്ലം ആർ എം ഓ ഓഫീസിലെ ഡോക്ടറിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശേഷമാണ് ഇർഷാദ് ഇങ്ങനെ ചോദിക്കുന്നത്.
അംഗപരിമിതർക്കായുള്ള റെയിൽവെ യാത്ര ഇളവിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന് വേണ്ടി കൊല്ലം ആർ എം ഓ ഓഫീസിൽ എത്തിയപ്പോഴാണ് ഇർഷാദിന് ദുരനുഭവം ഉണ്ടായത്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം പതിമൂന്നു വർഷമായി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അധ്യാപകനായി ജോലി ചെയ്യന്ന ഇർഷാദിനോട്, ‘തനിക്ക് വായിക്കാൻ’ അറിയുമോ? എന്നായിരുന്നു കൊല്ലം ആർ എം ഓ ഓഫീസിലെ ഡോക്ടർ ചോദിച്ചത്. നൂറു ശതമാനം ശാരീരിക വൈകല്യമുള്ളവർക്ക് മാത്രമാണ് റെയിൽവെ ആനുകൂല്യം എന്നായിരുന്നു ഡോക്ടറുടെ വാദമെന്നും ഇർഷാദ് വ്യക്തമാക്കി. നൂറു ശതമാനം അംഗപരിമിതർ എങ്ങനെ യാത്ര ചെയ്യും എന്ന് തിരിച്ചു ചോദിച്ചപ്പോൾ അത് താൻ റയിൽവേയോട് ചോദിക്കൂ എന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ഇർഷാദ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണ് സുഹൃത്തുക്കളെ എന്ന് പറഞ്ഞുകൊണ്ടാണ്, ഡോക്ടറിൽ നിന്നുണ്ടായ അവഹേളനത്തെ കുറിച്ച് ഇർഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. തന്റെ മുന്നിൽ എത്തുന്ന മനുഷ്യരോട് മുൻവിധിയില്ലാതെ പെരുമാറാനും അവർ കീടങ്ങൾ അല്ല എന്ന് ബോധ്യപെടുത്തുന്നതും കൂടിയാകണം ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന പുതിയ നിയമപരിരക്ഷയെന്ന് പറഞ്ഞുകൊണ്ടാണ് ഇർഷാദ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാൽ ജയിൽ പോകേണ്ടിവരുമെന്ന നിയമം ഉള്ളപ്പോൾ, തിരിച്ച് ഡോക്ടർമാരുടെ ഇത്തരം അവഹേളനങ്ങൾക്ക് ഇരയാകുന്നവർക്ക് എന്ത് രക്ഷയാണുള്ളതെന്ന് ഇർഷാദ് ചോദിച്ചു.