കോഴിക്കോട്: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേർസ് ഗിൽഡ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വർഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേർസ് ഗിൽഡിൻ്റെ പ്രതികരണം. ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയിൽ നിന്നും രാജിവച്ചുണ്ടായ ഒഴിവിൽ അലീന ബെന്നിയ്ക്ക് 2021 മുതൽ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിക്കാൻ തയ്യാറായില്ല. അധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എൽ പി സ്കൂളിൽ ഉണ്ടായ റഗുലർ തസ്തികയിലേക്ക് മാറ്റി നിയമനം നൽകുകയാണുണ്ടായത്. മാനേജ്മെൻ്റിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. അലീന ബെന്നിയ്ക്ക് നൽകിയത് സ്ഥിര നിയമനമാണ്. ഇതിനായി സംഭാവന സ്വീകരിച്ചിട്ടില്ല. അധ്യാപികയ്ക്ക് നിയമന അംഗീകാരം ലഭിക്കാത്തതിൽ സ്കൂൾ മാനേജ് മെൻ്റിന് യാതൊരു പങ്കുമില്ല. അലീനയ്ക്ക് മാനേജ്മെൻ്റ് സ്വന്തം നിലയിൽ (പതിമാസം താൽക്കാലിക ധനസഹായം നൽകിയിരുന്നുവെന്നും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
കട്ടിപ്പാറ പഞ്ചായത്തിൽ മൂന്നാം വാർഡ് താഴ്വാരം സ്വദേശിയാണ് മരിച്ച അലീന. നാല് വർഷമായി കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലാണ് അവർ ജോലി ചെയ്തിരുന്നത്. എന്നാൽ ഇവിടുത്തെ ജോലി നഷ്ടമാകുമെന്ന സ്ഥിതി വന്നപ്പോൾ പള്ളിക്കമ്മിറ്റി ഇടപെട്ടാണ് കോടഞ്ചേരിയിലേക്ക് ജോലി മാറ്റം നൽകിയതെന്ന് അലീനയുടെ പിതാവ് പറയുന്നു. മാനേജ്മെൻ്റ് സർക്കാരിന് കൃത്യമായി രേഖകൾ നൽകാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാൻ കാരണം. നൂറ് രൂപ പോലും മകൾക്ക് ശമ്പളമായി മാനേജ്മെൻ്റ് നൽകിയിട്ടില്ല. വണ്ടിക്കൂലിക്ക് കോടഞ്ചേരി സ്കൂളിലെ പിടിഎ നല്ല മനസ് കൊണ്ട് നൽകിയ 3000 രൂപയാണ് കഴിഞ്ഞ ഒരു വർഷമായി മകൾക്ക് മാസം തോറും ലഭിച്ചതെന്നുമാണ് അച്ഛൻ്റെ വാദം.