മലപ്പുറം : താനൂരിൽ താമിർ ജിഫ്രിയെന്ന ലഹരി കേസിൽ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.
കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു.കഴിഞ്ഞ ചൊവ്വ പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.
തിമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകൾ. മൂർച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനമേറ്റത്. ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവിൽ ലഹരി വസ്തു ശരീരത്തിൽ എത്തിയതും കസ്റ്റഡിയിലെ മർദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്മോട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.