ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത് വികാരാധീനനായി മത്സ്യബന്ധന വല നിര്‍മിക്കുന്ന കെ പളനിവേല്‍. ‘പിഎം വിശ്വകര്‍മ’ പദ്ധതി പ്രഖ്യാപനത്തിനിടെയാണ് പ്രധാനമന്ത്രി വേദിയിലേക്ക് വിളിച്ച് പളനിവേലിനെ ആദരിച്ചത്. തമിഴ്നാട് സ്വദേശിയാണ് പളനിവേല്‍. പളനിവേലിനെ പ്രധാനമന്ത്രി ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ സദസ്സിലും വേദിയിലും കയ്യടി ഉയര്‍ന്നു.
ജന്മദിനത്തിലാണ് ‘പിഎം വിശ്വകർമ’ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്ക് അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും വേണ്ടി മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പി എം വിശ്വകർമ്മ പദ്ധതി. ഇന്നലെ രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സ്പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
വിശ്വകർമ പദ്ധതിക്കായി കേന്ദ്രസർക്കാർ 13,000 കോടി രൂപ ചെലവഴിക്കുമെന്നും കലാകാരന്മാർക്കും കരകൗശല വിദഗ്ധര്‍ക്കും ഇത് പുതിയ പ്രതീക്ഷയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന വേളയിൽ പറഞ്ഞു. സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകളെ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തും. എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തിലാണ് സർക്കാർ ഉടൻ ഒരു പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്.
പി എം വിശ്വകർമ സ്കീമിന് കീഴിൽ, സർക്കാർ മൂന്ന് ലക്ഷം വരെ വായ്പ നൽകും. തുടക്കത്തിൽ ഒരു ലക്ഷം രൂപ വായ്പ നൽകുമെന്നും, പിന്നീട് രണ്ട് ലക്ഷം രൂപ അധികമായി വായ്പ നൽകാനുമാണ് സർക്കാർ തീരുമാനം. അഞ്ച് ശതമാനം നിരക്കിലാണ് വായ്പ നൽകുക. രാജ്യത്തുടനീളമുള്ള ഗ്രാമ – നഗര പ്രദേശങ്ങളിലെ കരകൗശല തൊഴിലാളികളെ പിന്തുണയ്ക്കുകയും അവരുടെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
വിശ്വകർമ്മ സ്കീമിന്റെ ഗുണഭോക്താക്കൾക്ക് 15,000 രൂപയുടെ ടൂൾകിറ്റ് ഇൻസെന്റീവിനും അർഹതയുണ്ട്. കരകൗശല തൊഴിലാളികളുടെയും കരകൗശല വിദഗ്ധരുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുണ്ടാക്കുന്ന ഉൽപന്നങ്ങളെ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുക കൂടിയാണ് വിശ്വകർമ്മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.