റാഞ്ചി: നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കുറ്റവാളികള്‍ക്ക് തടവ് ശിക്ഷ. ജാര്‍ഖണ്ഡില്‍ 24കാരനായ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഒടുവില്‍ കോടതിയുടെ ശിക്ഷാ വിധിയെത്തുന്നത്. തബ്രെസ് അന്‍സാരി എന്ന യുവാവിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ പത്ത് പേര്‍ക്കും പത്ത് വര്‍ഷം വീതം കഠിന തടവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ജാര്‍ഖണ്ഡിലെ സെറായികേല കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 304 അനുസരിച്ചാണ് ശിക്ഷ. കുറ്റവാളികള്‍ 15000 രൂപ പിഴയും അടയ്ക്കണം. വിചാരണക്കാലയളവില്‍ കുറ്റാരോപിതരിലൊരാള്‍ മരിച്ചിരുന്നു. കുശാല്‍ മഹാലി എന്നയാളാണ് മരിച്ചത്. ഭീം സിംഗ് മുണ്ട, കമാല്‍ മഹതോ, മണ്ഡന്‍ നായിക്, അതുല്‍ മഹാലി, സുനാണോ പ്രധാന്, വിക്രം മണ്ഡല്, ചാമു നായിക്, പ്രേം ചന്ദ് മഹാലി, മഹേഷ് മഹാലി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രധാന പ്രതിയായ പ്രകാശ് മണ്ഡല് ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. മോഷണക്കുറ്റം ആരോപിച്ച് വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിനിടയില്‍ അന്‍സാരിയോട് ജയ് ശ്രീ റാം എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നതടക്കമുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രാജ്യം എറെ ചര്‍ച്ച ചെയ്ത ആള്‍ക്കൂട്ട കൊലപാതകത്തിലാണ് ശിക്ഷ. 2019 ജൂണ്‍ 17നാണ് അന്‍സാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.
പൂനെയില്‍ വെല്‍ഡിംഗ് ജോലി ചെയ്തിരുന്ന അന്‍സാരി ഈദ് ആഘോഷങ്ങള്‍ക്കാി നാട്ടിലെത്തിയതായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ തബ്രെസ് അന്‍സാരിയെ പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ യുവാവിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടറും പറഞ്ഞിരുന്നുവെന്ന് അന്‍സാരിയുടെ മരണത്തിന് പിന്നാലെ കുടുംബം ആരോപിച്ചിരുന്നു. തബ്രെസിനെ പരിശോധിച്ച ഡോക്ടര്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് തിരികെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പൊലീസിന്റെയും ഡോക്ടറുടെയും നടപടി മരണത്തിന് കാരണമായെന്നും അതിനാല്‍ തന്നെ ഇവരും കൊലപാതകത്തിന് ഉത്തരവാദികളാണെന്നും തബ്രെസിന്റെ ബന്ധുക്കള്‍ ആരോപിച്ചത്.
ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച തബ്രെസ് ജൂണ്‍ 22 നാണ് മരണത്തിന് കീഴടങ്ങിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്ന സമയത്താണ് 24 വയസ് മാത്രം പ്രായമുള്ള അന്‍സാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോള്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.