ദമാസ്ക്കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ പ്രസിഡന്റ് ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ. വിമതരുമായുള്ള ചർച്ചകൾക്കൊടുവിൽ വഴങ്ങുകയായിരുന്നു. റഷ്യ ചർച്ചയിൽ പങ്കാളിയായില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അസദ് എവിടെയെന്ന് വ്യക്തമാക്കാതെയായിരുന്നു റഷ്യയുടെ പ്രതികരണം. സിറിയയിലെ റഷ്യൻ നാവിക കേന്ദ്രം സുരക്ഷിതമാണെന്നും സിറിയയിലെ എല്ലാ പ്രതിപക്ഷ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തുന്നതായും റഷ്യ പ്രസ്താവനയില് അറിയിച്ചു.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. 42കാരനായ അബു മുഹമ്മദ് അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി. പിന്നീട് മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും ജുലാനിയുടെ അൽഖ്വയ്ദ പശ്ചാത്തലം ലോകത്തെ ഭയപ്പെടുത്തുന്നതാണ്. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.
74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻ്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം. ലോകത്തെ വൻശക്തി രാജ്യങ്ങൾ ഒന്നും പ്രശ്നത്തിൽ ഉടൻ ഇടപെടാൻ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം. വിഷയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല എന്ന് നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരാണ് അബു മുഹമ്മദ് അൽ ജുലാനി?
സിറിയ പിടിക്കാൻ ഐഎസ് തലവൻ അബു ബകർ അൽ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തൻ. അമേരിക്കയും ഇസ്രായേലും ഇസ്ലാമിന്റെ ശത്രുക്കൾ എന്ന് പ്രഖ്യാപിച്ച സൈന്യതലവൻ. ഒടുവിൽ അമേരിക്കൻ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് നിർമിച്ച മിതവാദി പ്രതിച്ഛായയിലൂടെ യുഎസ് ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ തന്ത്രശാലി. അവസരവാദിയും അപകടകാരിയും ആയ കൊടും ഭീകരനാണ് സിറിയയുടെ ഭരണം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് അബു മുഹമ്മദ് അൽ – ജുലാനി. ഹയാത്ത് തഹ്രീർ അൽ ഷംസ് എന്ന ഈ സായുധ സംഘത്തിന്റെ തലവൻ ഒരു കാലത്ത് അൽഖായിദ ഭീകരൻ ആയിരുന്ന അബു മുഹമ്മദ് അൽ ജുലാനി.