സിഡ്നി: നാല് മക്കളെ കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച സ്ത്രീക്ക് മാപ്പ് നല്കി.ആസ്ട്രേലിയയുടെ നിയമചരിത്രത്തില്‍ ഏറ്റവും ക്രൂരയായ പരമ്ബരക്കൊലയാളി എന്നറിയപ്പെടുന്ന 55 കാരിയായ കാത്ലീന് ഫോള്‍ബിഗിനാണ് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് മാപ്പ് നല്‍കിയത്.
മക്കളായ പാട്രിക്, സാറ, ലോറ എന്നിവരെയാണ് കാത്ലീൻ കൊലപ്പെടുത്തിയതെന്നും പിന്നീട് നാലാമത്തെ കുട്ടിയെയും മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഇരയാക്കിയെന്നാണ് കേസ്. എന്നാല്‍ താൻ നിരപരാധിയാണെന്നും കുട്ടികളെ കൊന്നിട്ടില്ലെന്നുമായിരുന്നു കാത്ലീന് വാദിച്ചത്. എന്നാല്‍ തെളിവുകള്‍ ഇവര്‍ക്ക് എതിരായിരുന്നു. 2003 ലാണ് കാത്ലീന് കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.
എന്നാല്‍ കുട്ടികളുടെ മരണത്തില്‍ വ്യക്തതയില്ലെന്ന് കാണിച്ച് കേസ് വീണ്ടും അന്വേഷണം നടത്തി. 2022ല്‍ ഒരു കൊല്ലം നീളുന്ന അന്വേഷണമാണ് നടത്തിയത്. അതില്‍ കുട്ടികള്‍ മരിച്ചത് ജനിതക രോഗമാണെന്നും കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി. ഈ കാരണങ്ങളാല്‍ ആദ്യത്തെ മൂന്ന് കുട്ടികള്‍ മരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച കാത്ലീന് മാപ്പ് നല്കാൻ തീരുമാനിച്ചതെന്ന് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ഡെയ്ലി പറഞ്ഞു. ആദ്യമൂന്ന് കുട്ടികളുടെ മരണത്തില്‍ സംശയമുള്ളതിനാല്‍ നാലാമത്തെ കുഞ്ഞിന്റെ മരണവും സംശയത്തിന്റെ നിഴലിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് കാത്ലീന് നല്ലൊരു അമ്മയാണെന്നും ജഡ്ജി ടോം ബത്തേഴ്സ് പറഞ്ഞു. മാപ്പ് നല്‍കിയതിന് പിന്നാലെ ഇവരെ ഉടൻ മോചിപ്പിക്കാനുള്ള നടപടികളും തുടങ്ങി.