സിഡ്നി: ഓസ്ട്രേലിയയിലെ കത്തോലിക്ക വിശ്വാസികൾക്ക് ആഹ്ളാദവും ആവേശവും പകരുന്ന പ്രഖ്യാപനവുമായി വത്തിക്കാൻ. 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2028-ൽ സിഡ്നിയിൽ നടക്കുമെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനും അനുഗ്രഹം പ്രാപിക്കാനും ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ സിഡ്നിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയിലെ ഇന്ത്യാനപോളിസിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് ഓസ്ട്രേലിയയ്ക്കും വളരെയധികം പ്രചോദനം നൽകിയനായി അതിൽ പങ്കെടുത്ത സിഡ്നിയിലെ സഹായ മെത്രാൻ റിച്ചാർഡ് അമ്പേഴ്സ് അന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയുണ്ടായ വത്തിക്കാൻ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്.
അന്താരാഷ്ട്ര ദിവ്യകാരണ്യ കോൺഗ്രസ് നടക്കുന്ന ഒരാഴ്ചത്തേക്ക് സിഡ്നി കത്തോലിക്കാ വിശ്വാസത്തിന്റെ ആഗോള തലസ്ഥാനമായി മാവും സഭയിലെ മെത്രാന്മാരും വൈദികരും സമർപിതരും അൽമായര്യം പങ്കെടുക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ് രാജ്യത്തെ യുവതലമുറയ്ക്ക് ഉൾപ്പെടെ ആത്മീയ ഉണർവ് സമ്മാനിക്കും.
2008ലെ ലോക യുവജനദിനത്തിന് ശേഷം ഓസ്ട്രേലിയയിൽ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമായിരിക്കും ഇതെന്ന് സിഡ്നി ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ ഒ.പി പറഞ്ഞു.
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് സന്തോഷകരമായ കൂടിച്ചേരലാണ്, വിശുദ്ധ കുർബാനയിൽ യേശുക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ ആഴത്തിലാക്കാൻ ദിവ്യകാരുണ്യ കോൺഗ്രസ് സഹായിക്കുന്നു’.
‘ക്രിസ്തീയ ജീവിതത്തിൻ്റെ ഉറവിടം എന്ന നിലയിൽ, ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനും തീക്ഷ്ണത ഉണർത്താനും വിശുദ്ധ കുർബാനയ്ക്ക് ശക്തിയുണ്ട്. നമ്മുടെ ഇടയിൽ വസിക്കുന്ന ദൈവം, വിശുദ്ധ കുർബാനയിലൂടെ തന്റെ സ്ഥിരമായ സാന്നിധ്യം നമുക്ക് സമ്മാനിക്കുന്നു. നാം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ആയിത്തീരണം എന്ന് ഉദ്ബോധിപ്പിക്കുന്ന മത്തായിയുടെ സുവിശേഷം 5:13 വാക്യവും സിഡ്നി ആർച്ച് ബിഷപ്പ് പരാമർശിച്ചു.
‘അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ നമ്മുടെ ആരാധനാക്രമ ജീവിതത്തിന്റെ ഗാംഭീര്യം, സ്വാഗത മനോഭാവം, സന്തോഷം തുടങ്ങിയവ പുതൃക്കാനും ക്രിസ്തീയ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണ് എന്റെ പ്രതീക്ഷ – ആർച്ച് ബിഷപ്പ് ഫിഷർ പറഞ്ഞു.
ദിവ്യകാരുണ്യ കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള പരിശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസിൻ്റെയും ഓസ്ട്രേലിയയിലെ അഞ്ചാമത്തെ പ്ലീനറി കൗൺസിലിൻ്റെയും പിന്തുണയുണ്ടായിരുന്നു. സിഡ്നിയിലെ തെരുവുകളിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ലോകമെമ്പാടുമുള്ള വിശ്വാസികൾ പങ്കെടുക്കുന്ന ഉദ്ഘാടന സമാപന ദിവ്യബലികളും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനെ സിഡ്നിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു.
‘സിഡ്നി ഓസ്ട്രേലിയയുടെ ആഗോള നഗരമാണ്. ഇൻ്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ് പോലുള്ള പ്രധാനപ്പെട്ട ചടങ്ങിന് ആതിഥേയത്വം വഹിക്കാൻ ഏറ്റവും അനുയോജ്യമാണ്. ആയിരക്കണക്കിന് സന്ദർശകർ നമ്മുടെ ഭക്ഷണവും സംസ്കാരവും ലക്ഷ്യസ്ഥാനങ്ങളും സേവനങ്ങളും ആസ്വദിക്കുന്നതോടെ നഗരത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഉത്തേജനമുണ്ടാകും – ക്രിസ് മിൻസ് പറഞ്ഞു.
1973-ൽ മെൽബൺ ആതിഥേയത്വം വഹിച്ചതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത്. 1928-ന് ശേഷം സിഡ്നിയിൽ ഇത് ആദ്യമാണ്.