ന്യൂഡല്‍ഹി: ഹോളിയുമായി അനുബന്ധിച്ചുള്ള സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന്റെ പരസ്യ ബോര്‍ഡിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. സ്വിഗ്ഗിക്ക് ഹിന്ദു ഫോബിയയാണെന്ന് ആരോപിച്ച സംഘപരിവാര്‍ സ്വിഗ്ഗി ബഹിഷ്കരിക്കാന്‍ ടിറ്റ്വറിൽ ആഹ്വാനം ചെയ്യുകയും ചെയ്തു.
രണ്ട് മുട്ടയുടെ ചിത്രത്തിനൊപ്പം ഓംലറ്റുണ്ടാക്കാം ആരുടെയും തലയില്‍ അല്ല എന്നാണ് പരസ്യ ബോര്‍ഡിലെ വാചകം. മോശമായി കളിക്കരുത് എന്ന ഹാഷ്ടാഗും ഹോളിക്ക് ആവശ്യമായത് ഇന്‍സ്റ്റമാര്‍ട്ടില്‍ നിന്ന് വാങ്ങണമെന്ന വാചകവും പരസ്യത്തിലുണ്ട്.
സ്വിഗ്ഗിയുടെ ഈ പരസ്യം ഹോളിയെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നു. ഇതില്‍ ക്ഷമാപണം നടത്താന്‍ സ്വിഗ്ഗി തയ്യാറാകണമെന്നും സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളുടെ വികാരം വ്രണപ്പെടുത്തിയിരിക്കുന്നു. സ്വിഗ്ഗി ഹിന്ദു സമൂഹത്തോട് മാപ്പ് പറയുകയും പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യുകയും വേണമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ ഹരിയാനയിലെ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ഹരീഷ് ശര്‍മ സ്വിഗ്ഗി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.