കോട്ടയം: മീനടത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ കൊന്ന ശേഷം പിതാവ് തൂങ്ങിമരിക്കാനുളള കാരണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നുളള വായ്പയെന്ന അനുമാനത്തില്‍ പൊലീസ്. മകനെ ജീവനോടെ കെട്ടിത്തൂക്കിയ ശേഷമാണ് ബിനു ജീവനൊടുക്കിയത് എന്ന സംശയവും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസുമായി പങ്കുവച്ചു. രണ്ടു പേരുടെയും മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
മീനടം നെടുംപൊയ്കയിലെ കൊച്ചു വീടിന്റെ മുറ്റത്ത് ചേതനയറ്റ രണ്ടു മൃതശരീരങ്ങള്‍. അരികില്‍ നിലവിളിച്ചു കരയുന്ന ഒരമ്മയും മകളും. ഇരുവരെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നു പോലും അറിയാതെ നാട്ടുകാരും ബന്ധുക്കളും. ബിനുവിന്റെ മരണത്തെക്കാള്‍ നാട്ടുകാരുടെ ഉളളു പൊളളിച്ചത് കൊല്ലപ്പെട്ട ഒമ്പതു വയസുകാരന് ശിവഹരിയുടെ ദുര്‍വിധിയായിരുന്നു. പഠിക്കുന്ന സ്കൂളിലെ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അത്രയും പ്രിയപ്പെട്ടവനായിരുന്നു ആ കൊച്ചുമിടുക്കന്.ബജാജ് ഫിനാന്‍സില്‍ നിന്നെടുത്ത വായ്പയെ പറ്റി ബിനു ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തിരിച്ചടവ് തവണ മുടങ്ങിയതാവാം കടുംകൈയ്ക്ക് ബിനുവിനെ പ്രേരിപ്പിച്ചതെന്ന സംശയത്തെ പറ്റി പാമ്പാടി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ബിനുവിന്റെ മദ്യപാന ശീലത്തെ കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. മകനെ ബിനു കഴുത്തു ഞെരിച്ചു കൊന്ന ശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ കുഞ്ഞിനെ ജീവനോടെ തന്നെ കെട്ടിത്തൂക്കി കൊന്നതാകാമെന്ന സംശയമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്ജന് പൊലീസിനോട് പങ്കുവച്ചത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ചൊവ്വാഴ്ച ഫൊറന്‍സിക് സര്ജന് സംഭവ സ്ഥലം പരിശോധിക്കും. ഇന്നലെ രാവിലെയാണ് ഇലക്ട്രീഷ്യനായ ബിനു മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.