വാഹനത്തിന്റെ നിർമ്മാണ തകരാറിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ട ഉടമക്ക് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വാഹന നിര്‍മ്മാണ കമ്പനിയോട് ഉത്തരവിട്ട് സുപ്രീംകോടതി. ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡിന് എതിരെയാണ് സുപ്രീം കോടതി ഉത്തരവ്. ഉപഭോക്താവിന്റെ ഉടമസ്ഥതയിലുള്ള ഫോർഡ് ടൈറ്റാനിയം എൻഡവർ 3.4 ലീറ്റുമായി ബന്ധപ്പെട്ട പ്രശ്നം. ഉപഭോക്താവിന് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാനാണ് കോടതി ഉത്തരവ്.
കാർ ഉപയോഗിച്ചതിന്റെ തുടക്കത്തിൽ തന്നെ എണ്ണ ചോർച്ച ഉൾപ്പെടെയുള്ള വിവിധ തകരാറുകൾ ചൂണ്ടിക്കാണിച്ച് ഉടമ ആദ്യം പഞ്ചാബ് സ്റ്റേറ്റ് കൺസ്യൂമർ കമ്മീഷൻ മുമ്പാകെ ഉപഭോക്തൃ പരാതി നൽകിയിരുന്നു. എഞ്ചിൻ സൗജന്യമായി മാറ്റാനും പ്രതിദിനം 2,000 രൂപ നൽകാനും സംസ്ഥാന കമ്മീഷൻ കമ്പനിയോട് ഉത്തരവിട്ടു. ദേശീയ കമ്മീഷനും ഈ ഉത്തരവ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഫോർഡ് ഇന്ത്യ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
സുപ്രീം കോടതിയിൽ അപ്പീൽ പരിഗണിക്കുന്നതിനിടെ, ഫോർഡ് കാറിന്റെ എഞ്ചിൻ മാറ്റിനല്‍കി. എന്നാൽ, എഞ്ചിൻ മാറ്റിയിട്ടും വാഹനം ഗതാഗതയോഗ്യമായില്ലെന്ന് ഉടമ പറയുന്നു. വാഹനത്തിൽ നിരവധി പ്രശ്നങ്ങൾ ഉള്ളതിനാൽ സുഗമമായ ഡ്രൈവിംഗ് ബുദ്ധിമുട്ടാണെന്ന് ഉടമ പറയുന്നു. ഈ വസ്തുതകൾ കണക്കിലെടുത്താണ് സുപ്രീംകോടതി ബെഞ്ച് 42 ലക്ഷം രൂപ ഉടമയ്ക്ക് നൽകാൻ ഫോർഡിനോട് നിർദേശിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് കമ്പനി ഇതിനകം ആറ് ലക്ഷം രൂപ നല്കിയതിനാല് ബാക്കി 36 ലക്ഷം രൂപ കൂടി നൽകേണ്ടി വരും. കൂടാതെ, വാഹനത്തിന്റെ ഇൻഷുറൻസ് ഇനത്തിൽ 87,000 രൂപ നൽകാനും കോടതി നിർദേശിച്ചു.
എന്നാല്‍ ഈ കേസിനെ ശ്രദ്ധേയമാക്കുന്നത് മറ്റൊരു കാര്യമാണ്. 2021 മുതൽ ഫോർഡ് ഇന്ത്യയിൽ കാറുകള്‍ നിര്‍മ്മിക്കുന്നില്ല. നഷ്ടം രേഖപ്പെടുത്തി, ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിപണിയിൽ നിന്ന് ഫോര്‍ഡ് പുറത്തുകടന്നിട്ട് രണ്ടുവര്‍ഷം തികയറാകുന്നു. അപ്പോഴാണ് ഈ കോടതി ഉത്തരവ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ വിപണിയിൽ വർഷങ്ങളായി ഏറ്റവും പ്രചാരമുള്ള 7-സീറ്റ് ഓഫ്-റോഡിംഗ് എസ്യുവികളിലൊന്നാണ് ഫോര്‍ഡ് എൻഡവർ. അടുത്തിടെ ഛത്തീസ്ഗഡിലെ ഒരു ഉപഭോക്താവിന് ഒരു പുതിയ ഫോർഡ് എൻഡവറും ഒപ്പം 29 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണമെന്നും ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നു. തകരാറുള്ള എൻഡവർ കാർ കാരണം കോടതിയില്‍ എത്തിയതായിരുന്നു ഈ ഉപഭോക്താവും.