പത്ത് കോടി ഡോളറിലധികം സൂപ്പറാന്വേഷൻ ബാലൻസുള്ള 27 അക്കൗണ്ടുകൾ ഉള്ളതായി 2019 സാമ്പത്തിക വർഷത്തിലെ കണക്കുകൾ വെളിപ്പെടുത്തുന്നു.ഇതിൽ ഒരു അക്കൗണ്ടിൽ 50 കോടി ഡോളറിലധികം ($544 മില്യൺ) ഉള്ളതായാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ.$544 മില്യൺ ഡോളർ സൂപ്പറാന്വേഷൻ ബാലൻസുള്ള ഓസ്ട്രേലിയക്കാരന്റെ വ്യക്തിവിവരങ്ങൾ സ്വകാര്യത മൂലം പുറത്ത് വിട്ടിട്ടില്ല.ആരായിരിക്കും അക്കൗണ്ട് ഉടമ എന്ന ചോദ്യം വൈറലായി മാറിയിരിക്കുകയാണ്.ഹാസ്യ രൂപത്തിലുള്ള പല പ്രതികരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പല പ്രമുഖ ഓസ്ട്രേലിയക്കാരും ഇതിന് പ്രതികരണം അറിയിച്ചിട്ടുണ്ട്.സംരംഭകനായ ഡിക്ക് സ്മിത്തും മൈനിംഗ് രംഗത്തെ ജിന റൈൻഹാർട്ടും ഇവരുടേതല്ല അക്കൗണ്ട് എന്ന് വ്യക്തമാക്കി.ഇത്രയും വലിയ സൂപ്പർ ബാലൻസുള്ള വ്യക്തിയുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടന് അറിയാമായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി ആന്തണി ആൽബനീസിയുടെ പ്രതികരണം.ഓസ്ട്രേലിയക്കാരുടെ നികുതി അടയ്ക്കുന്ന ഡാറ്റ ഉപയോഗിച്ചാണ് അസോസിയേഷൻ ഓഫ് സൂപ്പറാന്വേഷൻ ഏറ്റവും കൂടുതൽ സൂപ്പറാന്വേഷൻ ബാലൻസ് ഉള്ള അക്കൗണ്ടുകളുടെ വിശദംശങ്ങൾ കണ്ടെത്തിയത്.സെല്ഫ് മാനേജ്ഡ് സൂപ്പർ ഫണ്ടുകളിലാണ് വൻ ബാലൻസുകൾ കണ്ടെത്തിയത്.
അക്കൗണ്ട് ഉടമയുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഗുരുതരമായ നിയമ ലംഘനമായിരിക്കുമെന്ന് സിഡ്നി സർവകലാശാലയിലെ ധനകാര്യ പ്രൊഫസറായ സൂസൻ തോർപ്പ് ചൂണ്ടിക്കാട്ടി.
നിലവിലുള്ള സൂപ്പറാന്വേഷൻ നിയമങ്ങൾ അനുസരിച്ച് ഇത്രയും വലിയ തുക സൂപ്പറിൽ നിക്ഷേപിക്കാൻ കഴിഞ്ഞേക്കില്ല എന്ന് പ്രൊഫസർ സൂസൻ തോർപ്പ് ചൂണ്ടിക്കാട്ടി.എന്നാൽ മുൻ വർഷങ്ങളിലെ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴുള്ള നിയമം. ചില വർഷങ്ങളിൽ കൂടുതൽ തുക സൂപ്പറിൽ നിക്ഷേപിക്കാൻ ഇളവുകൾ നടപ്പിലാക്കിയിരുന്നതായും സൂസൻ തോർപ്പ് വ്യക്തമാക്കി.പ്രതിവർഷം ഒരു മില്യൺ ഡോളർ എന്ന നിരക്കിൽ 50 വർഷക്കാലം സൂപ്പറിൽ നിക്ഷേപിച്ചാലാണ് 544 മില്യൺ ഡോളറിന്റെ ബാലൻസ് ലഭിക്കുക എന്ന് തോർപ്പ് പറയുന്നു.