കൊച്ചി: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ ഒരു മാസം മുന്‍പ് വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും.
വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി എംബസി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. നിലവില്‍ പോര്‍ട്ട് സുഡാനില്‍ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഏപ്രില്‍ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. ഭാര്യയും മകളും ഈ സമയം ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ലാറ്റിലെ ബേസ് മെന്റില്‍ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ഓപ്പറേഷന് കാവേരി എന്നു പേരിട്ട ഒഴിപ്പിക്കല്‍ നടപടിയിലൂടെ ഒന്‍പതു ദിവസം കൊണ്ട് 3584 ഇന്ത്യാക്കാരെയാണ് സുഡാനില്‍ നിന്നു രക്ഷപ്പെടുത്തി കൊണ്ടുവന്നത്. വിദേശ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സും നാവകസേനയുമാണ് ഒഴിപ്പിക്കല്‍ ദൗത്യം ഏറ്റെടുത്തത്. സുഡാനില്‍ ആഭ്യന്തര യുദ്ധം ഇപ്പോഴും തുടരുകയാണ്.