മുംബൈ: ‘സ്‌കാം 2010: ദി സുബ്രത റോയ് സാഗ’ പ്രഖ്യാപിച്ചു. ഹൻസൽ മേത്തയുടെ ‘സ്കാം’ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ ഈ വർഷം ആദ്യം അന്തരിച്ച സംരംഭകനായ സുബ്രത റോയിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ സുബ്രത റോയിയുടെ സ്ഥാപനമായ സഹാറ ഇന്ത്യ പരിവാർ തൃപ്തരല്ല. പുതിയ പ്രഖ്യാപനത്തിനെതിരെ അവര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
“സ്‌കാം 2010: ദി സുബ്രതാ റോയ് സാഗ പ്രഖ്യാപിച്ചതിലൂടെ തങ്ങള്‍ക്കെതിരെ തീര്‍ത്തും വിലകുറഞ്ഞ പ്രചാരണമാണ് ഈ ഷോയുടെ അണിയറക്കാര്‍ നടത്തുന്നത്. സഹാറ ഇന്ത്യ പരിവാർ ഇത്തരം പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അപലപിക്കുകയും അവരുടെ കുറ്റകരമായ പെരുമാറ്റത്തെ നേരിടും എന്നും അറിയിക്കുന്നു. ഇക്കാര്യത്തിൽ, നിർമ്മാതാവ്, സംവിധായകൻ, ഈ സീരിസില്‍ പങ്കാളികളായ എല്ലാവർക്കുമെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും” സഹാറ ഇന്ത്യ പരിവാർ പ്രസ്താവനയില്‍ അറിയിച്ചു.
സെബിയും സഹാറയും തമ്മിലുള്ള തർക്കം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും പ്രസ്തുത കേസിന്‍റെ നടപടികളെ സ്വാധീനിക്കാനുള്ള ഏതൊരു ശ്രമവും കോടതിയലക്ഷ്യത്തിന് കാരണമാകുമെന്നും സഹാറ ഇന്ത്യ പരിവാർ വിശ്വസിക്കുന്നുവെന്നും തുടര്‍ന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തിന്‍റെ മറവിൽ വളരെ ദുര്‍ബലരായ മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നുകയറാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും സഹാറ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“വെബ്-സീരീസിന്‍റെ തലക്കെട്ടിൽ ‘സ്‌കാം’ എന്ന വാക്ക് ഉപയോഗിക്കുന്നത് പ്രഥമദൃഷ്ട്യാ അപകീർത്തികരമാണെന്നും. ഇത് സഹാറശ്രീ ജിയുടെയും സഹാറ ഇന്ത്യ പരിവാറിന്‍റെയും പ്രതിച്ഛായയും പ്രശസ്തിയും തകര്‍ക്കാനുള്ള ശ്രമമാണെന്ന് സഹാറ ഇന്ത്യ പരിവാർ പറയുന്നു. ചിട്ടി ഫണ്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. സഹാറ-സെബി ഇഷ്യൂ പോലും സഹാറ ഇഷ്യൂ ചെയ്ത ഒഎഫ്‌സിഡി ബോണ്ടുകളുടെ സെബിയുടെ അധികാരപരിധിയിലെ തർക്കമായിരുന്നു, ”കുറിപ്പിൽ പറയുന്നു.
തമാൽ ബന്ദ്യോപാധ്യായയുടെ ‘സഹാറ: ദ അൺടോൾഡ് സ്റ്റോറി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ‘സ്‌കാം 2010: ദി സുബ്രത റോയ് സാഗ’ ഒരുക്കുന്നത്. ബിസിനസുകാരനായ സുബ്രത റോയിയുടെ 2000 ത്തിന്‍റെ തുടക്കത്തിലെ വന്‍ വളര്‍ച്ചയും, തുടര്‍ന്ന് 2010ന് ശേഷമുള്ള പതനവുമാണ് ഈ ഷോയുടെ അടിസ്ഥാനം.
സ്റ്റുഡിയോനെക്‌സ്റ്റുമായി സഹകരിച്ച് അപ്‌ലാസ് എന്‍റര്‍ടെയ്മെന്‍റാണ് സീരീസ് നിർമ്മിക്കുന്നത്. സ്കാം സീരിസിന്‍റെ നിരൂപക പ്രശംസ നേടിയ ആദ്യ ഭാഗം, സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി 2020ലാണ് പുറത്തിറങ്ങിയത്. അതിൽ നടൻ പ്രതീക് ഗാന്ധിയാണ് 1992ലെ മുംബൈ സ്റ്റോക്ക് എക്സേഞ്ച് ഓഹരി കുംഭകോണത്തിന് നേതൃത്വം നല്‍കിയ ഹർഷദ് മേത്തയുടെ റോള്‍ ചെയ്തത്.
പിന്നീട് കഴിഞ്ഞ വര്‍ഷമാണ് അബ്ദുൾ കരീം തെൽഗിയുടെ 2003 ലെ സ്റ്റാമ്പ് പേപ്പർ തട്ടിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്കാം 2003 എത്തിയത്.