ഒരു നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പല്‍ സന്ദര്‍ശിക്കാനായി പോയ അഞ്ച് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടൈറ്റാനിക് അന്തർവാഹിനിയില്‍ ഉപയോഗിക്കുന്നത് ആമണോണില്‍ നിന്നും വാങ്ങിക്കാന്‍ കഴിയുന്ന വില കുറഞ്ഞ വീഡിയോ ഗെയിം കണ്ട്രോളര് ആണെന്ന് റിപ്പോര്‍ട്ട്. ആമസോണിൽ വെറും 42 പൗണ്ടിന് ( ഏതാണ്ട് 3761 ഇന്ത്യന്‍ രൂപ) ലഭ്യമായ വിലകുറഞ്ഞ വീഡിയോ ഗെയിം കൺട്രോളറാണ് കാണാതായ ഓഷ്യന്‍ ഗേറ്റ് ടൈറ്റന് സബ്മെർസിബിൾ പ്രവർത്തിപ്പിക്കുന്നതെന്ന് മിററാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്ടൺ റഷ്, പാകിസ്ഥാൻ വ്യവസായിയായ ഷഹ്സാദ ദാവൂദ് (48), മകൻ സുലൈമാൻ (19) എന്നിവരാണ് ടൈറ്റാനിക്ക് കപ്പല്‍ സന്ദര്‍ശനത്തിനായി പോയി അത്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
12,000 അടി ആഴത്തിലാണ് അന്തര്‍വാഹിനിയുടെ ബന്ധം നഷ്ടമായിരിക്കുന്നത്. ജലാന്തര്‍ഭാഗത്ത് ജിപിഎസ് സംവിധാനങ്ങളോ മറ്റ് സാങ്കേതിക വിദ്യകളോ പ്രവര്‍ത്തനയോഗ്യമല്ലാത്തത് ഇവരുടെ കണ്ടെത്തല്‍ ദുഷ്ക്കരമാക്കുന്നു. എട്ട് ദിവസത്തെ പര്യടനത്തിനായി കഴിഞ്ഞ ഞായറാഴ്ചയാണ് അന്തര്‍വാഹിനി യാത്ര തിരിച്ചത്. എന്നാല്‍ ഈ അന്തര്‍വാഹിനി സ്വയമേവ മുങ്ങാൻ കഴിയുന്ന ഒരു അന്തർവാഹിനിയല്ല. കാരണം അതിന് സ്വന്തമായി മുങ്ങാനും കയറാനും കഴിയില്ല. ഇത് ചെയ്യുന്നതാകട്ടെ കനേഡിയൻ ഗവേഷണ കപ്പലായ പോളാർ പ്രിൻസ് എന്ന മറ്റൊരു കപ്പലില്‍ നിന്നാണ്. എന്നാൽ, ഞായറാഴ്ച കടലാഴങ്ങളിലേക്ക് ഊളിയിട്ട അന്തര്‍വാഹിനിയുമായുള്ള ബന്ധം ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ പോളാര്‍ കപ്പലിന് നഷ്ടമായി.
കപ്പലായ പോളാർ പ്രിൻസ് കപ്പലുമായി അന്തര്‍വാഹിനി ബന്ധിപ്പിച്ചിരുന്നത് കൺട്രോളര് വഴിയായിരുന്നു. ഈ കണ്‍ട്രോളറാണ് വില കുറഞ്ഞ സാധനമെന്ന് ഇപ്പോള്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കപ്പലില്‍ നിന്നും പങ്കുവച്ച ഒരു ഓണ്‍ബോര്‍ഡ് വീഡിയോയില്‍ നിന്നുള്ള സൂചനകളില്‍ നിന്നാണ് ഇത് വില കുറഞ്ഞ കണ്‍ട്രോളറാണെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില അറ്റാച്ച്മെന്റുകൾക്കൊപ്പം അപ്ഗ്രേഡ് ചെയ്ത ഒരു ലോജിടെക് F710 ആണ് ഇത് നിയന്ത്രിക്കുന്നതെന്നും മിറര്‍ ചൂണ്ടിക്കാട്ടുന്നു. ആമസോണില്‍ ഈ ഉപകരണത്തെ കുറിച്ച് ഭൂരിഭാഗം പേരും മികച്ച അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും ചിലര്‍ വയര്‍ലെന്‍സ്, കണക്റ്റിവിറ്റി പ്രശ്നങ്ങളെ കുറിച്ചും പരാതിപ്പെട്ടതായി മിറര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം നാളെ (22.6.’23) വരെയുള്ള ഓക്സിജന്‍ മാത്രമാണ് നിലവില്‍ അന്തര്‍വാഹിനിക്ക് അകത്ത് ബാക്കിയുള്ളവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.