ഹെൽസിങ്കി: ഡിജിറ്റലൈസേഷനിൽ നിന്ന് പിന്നോട്ടു നടന്ന് ഫിൻലൻഡിലെ സ്കൂളുകൾ. ലാപ്ടോപ്പുകളും ഡിജിറ്റൽ പഠന സഹായികളും ഉപേക്ഷിച്ച് ബുക്കുകളുമായി വിദ്യാർത്ഥികൾ സ്കൂളിലേക്ക് എത്തുകയാണ്. റിഹിമാകിയിലെ സ്കൂളിലാണ് ലാപ്ടോപ്പുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുമില്ലാതെ പുസ്തകങ്ങളുമായി കുട്ടികൾ സ്കൂളിൽ എത്തുന്നത്.
ഫിൻലൻഡിൽ പല സ്കൂളുകളും 11 വയസ്സ് മുതൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ്പുകൾ നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്ന രാജ്യമാണിത്. എന്നാൽ വിദ്യാർത്ഥികൾ എപ്പോഴും കമ്പ്യൂട്ടറുകൾക്കു മുന്നിൽ സമയം ചെലവിടുന്നതിനെ കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. 2018 മുതൽ ഹൈസ്കൂൾ ക്ലാസുകളിൽ പുസ്തകങ്ങൾ കൊണ്ടുവരുന്നത് നിർത്തിയിരുന്നു. പകരം ലാപ്ടോപ്പാണ് കുട്ടികൾ കൊണ്ടുവന്നിരുന്നത്. എന്നാൽ ഈ അധ്യയന വർഷത്തിൽ റിഹിമാകിയിലെ സ്കൂളുകൾ പേനയിലേക്കും നോട്ട്ബുക്കുകളിലേക്കും തിരിച്ചുപോവുകയാണ്.
കുട്ടികൾ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും ഇക്കാലത്ത് വളരെയധികം ഉപയോഗിക്കുന്നതിനാൽ കുട്ടികൾ സ്കൂളിലും സ്ക്രീനുകളിലേക്ക് മാത്രം ഉറ്റുനോക്കുന്നത് ശരിയല്ലെന്ന് അധ്യാപിക മൈജ കൗനോനെൻ പറഞ്ഞു. നിരന്തരമായ ഫോണ്, കമ്പ്യൂട്ടർ ഉപയോഗം മൂലം കുട്ടികൾ ശ്രദ്ധക്കുറവ്, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുവെന്നും അധ്യാപിക പറഞ്ഞു.
ഡിജിറ്റലായി പഠിക്കുമ്പോൾ എപ്പോഴും പഠിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാറില്ലെന്ന് വിദ്യാർത്ഥികളും പറഞ്ഞു. മറ്റ് വെബ്സൈറ്റുകളിലേക്ക് അറിയാതെ ശ്രദ്ധ പോവാറുണ്ടെന്നും കുട്ടികൾ സമ്മതിച്ചു. കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കുന്നതിന് സ്കൂൾ സമയത്ത് ഫോണ് ഉപയോഗം നിരോധിക്കുന്നതിനായി പുതിയ നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലുണ്ട്.