കൊച്ചി: ഇടുക്കി മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ യാത്രാമൊഴി. അപകടത്തിവ് മരിച്ച അർജുന്റെയും ജോയലിന്റെയും റിച്ചാർഡിന്റെയും മൃതദേഹം സംസ്കരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രൽ സ്കൂളിൽ നടന്ന പൊതുദർശനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഉള്‍പ്പടെ നിരവധി ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാന്‍ എത്തിയത്. അപകട സാധ്യതയുള്ള സ്ഥലത്ത് അപകട മുന്നറിയിപ്പുകൾ ഇല്ലാതിരുന്നതും യാത്രാസംഘം ടൂറിസ്റ്റ് ബസിൽ നിന്നും പല ജീപ്പുകളിലായി വേർപ്പെട്ടതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ഓടി കളിച്ച് നടന്ന സ്കൂൾ മുറ്റത്ത് ഒടുവിലായി അർജുനും ജോയലും റിച്ചാർഡും. വിനോദയാത്രയുടെ നല്ല ഓർമ്മകളുമായി ഇന്ന് പഠനത്തിലേക്ക് മടങ്ങേണ്ട വിദ്യാർത്ഥികൾക്ക് ഈ വെള്ളിയാഴ്ച ജീവിതത്തിൽ ഒരിക്കളും മറക്കാത്ത ഓർമ്മകളുടെതായി. ഒരാളെ രക്ഷപ്പെടുത്തിയിട്ടും ജോയലും അർജുനും കൈവഴുതി പോയതിന്റെ വേദനയും പേറി പൊതുദർശനത്തിന് അരികിൽ തളർന്നിരിക്കുകയായിരുന്നു ഒൻപതാം ക്ലാസുകാരൻ ആസ്റ്റിൻ സ്റ്റീഫൻ.മാണിക്കമംഗലം സ്വദേശി അർജുന്റെ അച്ഛൻ ജനുവരി 28നാണ് ജോലി സ്ഥലത്തെ അപകടത്തിൽ മരണപ്പെട്ടത്. സാമ്പത്തിക പ്രയാസത്തിലും വിനോദയാത്രക്കുള്ള പണം നൽകുമെന്ന ഉറപ്പ് പാലിച്ചിരുന്നു അച്ഛൻ ഷിബുവിന്റെ മരണം. വേർപാടിന്റെ ദുഖം മാറും മുമ്പെ അർജുൻ വിനോദയാത്രക്ക് പോയതും അച്ഛന് വേണ്ടിയാണ്. സാമ്പത്തികമായ പിന്നോക്കാവസ്ഥയിലും പഠനമികവിലാണ് ജോയൽ സ്വകാര്യ സ്കൂളിൽ പഠനം തുടർന്നത്. റിച്ചാർഡ് ബ്രസി അങ്കമാലി തുറവൂർ സ്വദേശിയാണ്.
അപകടം നടന്ന ആനക്കുളത്തെ കയത്തിൽ ഒരു മാസം മുമ്പും മരണം നടന്നിരുന്നു. അപകട പ്രദേശമായിട്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചില്ല. ഉയർന്ന പ്രദേശത്തിലേക്കുള്ള യാത്രക്കായി ബസിൽ നിന്നും ജീപ്പുകളിലേക്ക് മാറി കയറിയതും അധ്യാപകരുടെ ശ്രദ്ധ തെറ്റിച്ചു. 30വിദ്യാർത്ഥികൾക്കൊപ്പം മൂന്ന് അധ്യാപകരാണ് ഒപ്പം പോയത്.