ആലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ് 12 വയസുകാരൻ അവശ നിലയിൽ. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയായ 12 വയസുകാരനാണ് പരിക്കേറ്റത്. കുട്ടിയെ മാവേലിക്കര ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീണ് പരിക്കേറ്റതെന്ന നിലയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ കണ്ട് ഡോക്ടർക്ക് സംശയം തോന്നി. രണ്ടാനച്ഛൻ തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഇയാളുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതയും കുഞ്ഞിന്റെ ഭയന്ന നിലയിലുള്ള പെരുമാറ്റവും കണ്ട് ഡോക്ടർക്ക് സംശയം തോന്നുകയായിരുന്നു. വിശദമായ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് നിരവധി പരിക്കുകൾ കണ്ടു. ഡോക്ടർമാർ ചോദിച്ചപ്പോൾ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതിനെ കുറിച്ച് പറഞ്ഞ് കുട്ടി കരഞ്ഞു. ആശുപത്രി അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. ശരീരമാസകലം മുറിവേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.