തിരുവനന്തപുരം: പുസ്തകങ്ങളിൽ സർക്കാർ പരസ്യം നൽകിയതിനെ ചൊല്ലി സാഹിത്യ അക്കാദമിയിൽ വിവാദം. പരസ്യം താനറിയാതെ എന്നും വിയോജിപ്പുണ്ടെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പരസ്യം നൽകിയതിൽ തെറ്റില്ലെന്ന നിലപാടിലാണ് സെക്രട്ടറി. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി സി.പി.അബൂബക്കർ പറഞ്ഞു. സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറഞ്ചട്ടയിലാണ് സർക്കാർ പരസ്യം പതിച്ചത്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചതോടെയാണ് സച്ചിദാനന്ദൻ എതിർപ്പ് അറിയിച്ചത്.
കവി അൻവർ അലി നടപടിക്കെതിരെ വിയോജിപ്പ് അറിയിച്ചു. പുസ്തകങ്ങളിലെ പരസ്യം വ്യക്തിപൂജയെന്ന് കവി അന്‍വര്‍ അലി പറഞ്ഞു. പുസ്തകം പിന്‍വലിച്ച് പുറംകവര്‍ മാറ്റി പ്രിന്റ് ചെയ്യണം. ”സർക്കാരിന്റെ പരസ്യം പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എഴുത്താളർ പരസ്യമായി ഇക്കാര്യത്തിലുള്ള താന്താങ്ങളുടെ നിലപാട് പറയേണ്ടതാണ്. അക്കാദമി പ്രസിഡന്റും ഇക്കാര്യത്തിൽ പരസ്യനിലപാട് എടുക്കണം. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല എന്നാണ് ഒരു വാർത്താ മാധ്യമത്തിൽ നിന്ന് അറിഞ്ഞത്. അങ്ങനെയെങ്കിൽ കവി സച്ചിദാനന്ദൻ സർക്കാരിനെ തന്റെ എതിർപ്പറിയിക്കുകയും അതിനുള്ള സർക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം രാജിക്കത്ത് തയ്യാറാക്കാനോ പരസ്യമച്ചടിച്ച പുസ്തകങ്ങൾ പിൻവലിക്കാനോ അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. സർക്കാരിന്റെ സാമ്പത്തികവും ഭരണപരവുമായ പരിരക്ഷ ഉള്ളതിനാൽ, അക്കാദമി പുസ്തകങ്ങളുടെ ചട്ട സർക്കാരിന്റെ പരസ്യപ്പലകയാക്കന്നതിൽ അനൗചിത്യമില്ലെന്ന് ഉദ്യോഗസ്ഥനായ സെക്രട്ടറി കരുതുന്നുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ ഔദ്യോഗികനിലപാടാണ്. ആയിക്കോട്ടേ. പക്ഷേ, അശോകൻ ചെരുവിൽ, സുനിൽ പി. ഇളയിടം, ഇ പി രാജഗോപാലൻ എന്നിത്യാദി അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളുടെ നിലപാട് എന്താണ് ? അവർ ആയത് വ്യക്തമാക്കേണ്ടതാണ്.” അൻവർ അലി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അതേ സമയം നടപടിയെ ന്യായീകരിക്കുകയാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. ഒരു പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് പുസ്തകം ഇറക്കിയത്. ഇതിൽ രാഷ്ട്രീയമില്ല, സർക്കാരിന്റെ എംബ്ലമാണ് വെച്ചത്. അധ്യക്ഷനുമായി ചർച്ച ചെയ്തില്ല. ചർച്ച ചെയ്യണമെന്ന് തോന്നിയില്ല. ഇനി അധ്യക്ഷനുമായി ആലോചിച്ച് തീരുമാനമെടുക്കും. പുറംചട്ട മാറ്റി പുസ്തകം പ്രസിദ്ധീകരിക്കില്ലെന്നും സിപി അബൂബക്കർ പറഞ്ഞു.
പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഉൾപ്പെടുത്തിയത് സംബന്ധിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം അറിയിച്ചിട്ടുണ്ട്. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ”ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്”