പട്ടിണി കിടന്ന് മരിച്ചാല്‍ ക്രിസ്തുവിനെ കാണാനാകുമെന്ന മതപ്രഭാഷകന്റെ വാക്കുകേട്ട് കെനിയയില്‍ പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും.ചില കുട്ടികള്‍ ശ്വാസം മുട്ടിക്കപ്പെട്ടെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണി കിടന്ന് മരിച്ചവരില്‍ 110 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പാസ്റ്റര്‍ പോള്‍ മക്കന്‍സി എന്നയാളുടെ ആഹ്വാന പ്രകാരം വന മേഖലയില്‍ ദിവസങ്ങളിലായി പട്ടിണികിടന്നവരാണ് മരിച്ചത്. ഇയാളുടെ അനുയായികളായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. മലിന്‍ഡി നഗരത്തോട് ചേര്‍ന്ന 800 ഏക്കര്‍ വന മേഖലയില്‍ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പാസ്റ്ററുടെ ആഹ്വാന പ്രകാരം മരണം കാത്തുകിടന്ന 44 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി. പാസ്റ്ററേയും 14 അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി അനുയായികള്‍ ഇയാള്‍ക്കുണ്ട്. പട്ടിണി കിടന്ന് മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്നും യേശുക്രിസ്തുവിനെ കാണാനാകുമെന്നായിരുന്നു പാസ്റ്റര്‍ തന്നെ അനുയായികളെ വിശ്വസിപ്പിച്ചത്.
തുടര്‍ന്ന് പാസ്റ്ററുടെ അനുയായികള്‍ വന മേഖലയില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തുകിടക്കുകയായിരുന്നു.