പുകവലി ആരോഗ്യത്തിന് ഹാനികരം ആണ് എന്ന് എല്ലാവർക്കും അറിയാം. അതിപ്പോൾ വലിക്കുന്ന ആൾക്കാണ് എങ്കിലും സമീപത്ത് നിൽക്കുന്ന ആൾക്കാണ് എങ്കിലും. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിൽ അടക്കം പുകവലി നിരോധിച്ചിട്ടുണ്ട്. എന്നാൽ, പുകവലി കുറച്ച് ടൊബാക്കോ ഫ്രീ ഏരിയയായി പൊതുസ്ഥലങ്ങളെ മാറ്റാൻ വളരെ വ്യത്യസ്തമായ ഒരു മാർഗമാണ് ഹോങ്കോങ് ആരോഗ്യ മേധാവി മുന്നോട്ട് വയ്ക്കുന്നത്. കേൾക്കുമ്പോൾ വിചിത്രം എന്ന് പോലും തോന്നാം.
ലോ ചുങ്-മൗ പറഞ്ഞത് പുകവലി നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ആരെങ്കിലും പുകവലിക്കാൻ തുനിഞ്ഞാൽ അവരെ തുറിച്ച് നോക്കണമെന്നും അങ്ങനെ പുകവലിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം എന്നുമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആരെങ്കിലും ഒരു പുകവലി നിരോധിത സ്ഥലത്ത് വച്ച് സിഗരറ്റ് കയ്യിലെടുത്താൽ ചുറ്റുമുള്ള എല്ലാവരും ചേർന്ന് അയാളെ തുറിച്ച് നോക്കണം. അതോടെ അയാൾ സിഗരറ്റ് വലിക്കാൻ മടിക്കും എന്നാണ് ലോ ചുങ്-മൗ പറയുന്നത്. എങ്ങനെയാണ് ഒരു പുകയില നിരോധിത നഗരം സൃഷ്ടിക്കുക എന്ന നിയമ നിർമ്മാതാക്കളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വിചിത്രമായ ആശയം ആരോഗ്യ മേധാവി മുന്നോട്ട് വച്ചത്. പുകയില നിരോധന നിയമങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ഹോങ്കോങ്.
റെസ്റ്റോറന്റ്, ജോലി സ്ഥലങ്ങൾ, അടച്ചിട്ടിരിക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം നിലവിൽ പുകവലി നിരോധിച്ചിരിക്കയാണ്. അതുപോലെ ചില തുറസ്സായ പൊതു സ്ഥലങ്ങളിലും പുകവലി നിരോധിച്ചിട്ടുണ്ട്. ഹെൽത്ത് സെക്രട്ടറി പറയുന്നത് ഒരു മുന്നറിയിപ്പ് എന്നോണം ഇങ്ങനെ പൊതുസ്ഥലത്ത് പുകവലിക്കുന്ന ആളുകളുടെ പൊതുജനങ്ങൾ കൈമാറുന്ന ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കണം എന്നാണ്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അടക്കം ഇവരുടെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുന്നത് പൊതുസ്ഥലത്ത് പുകവലി കുറക്കാൻ സഹായിക്കും എന്നും ഹെൽത്ത് സെക്രട്ടറി പറയുന്നു.