സ്റ്റാർലിങ്കിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ ബ്രസീലിലെ സുപ്രീംകോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി എക്സ് സിഇഒ ഇലോണ്‍ മസ്ക്.
സുപ്രീംകോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് സ്വേച്ഛാധിപതിയാണെന്നും, നിയമവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്നും മസ്ക് വിമർശിച്ചു. മൊറേസ് വളരെ മോശം വ്യക്തിയാണെന്നും മസ്ക് ആരോപിക്കുന്നു.
ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്വയ്ക്കെതിരെയും മസ്ക് വിമർശനം ഉന്നയിച്ചിട്ടുണ്ട്. മൊറേസിന്റെ വെറും ആജ്ഞാനുവർത്തി മാത്രമാണ് ലൂയിസ് ഇനാസിയോ എന്നാണ് മസ്കിന്റെ പരിഹാസം. ബ്രസീല്‍ സുപ്രീംകോടി സ്റ്റാൻലിങ്കിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, ബ്രസീലില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നത് തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മസ്കിന്റെ വിമർശനം. അലക്സാണ്ടർ ഡി മൊറേസാണ് ഈ ഉത്തരവില്‍ ഒപ്പുവച്ചത്.
അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില രേഖകള്‍ കൈമാറുന്നതില്‍ എക്സ് പരാജയപ്പെട്ടുവെന്നും, അതിനാല്‍ 3.6 മില്യണ്‍ ഡോളർ പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ ഇത് അടയ്ക്കാത്തതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ബ്രസീലിലെ നിയമം അനുസരിച്ച് എല്ലാ ഇന്റർനെറ്റ് കമ്ബനികള്‍ക്കും ജുഡീഷ്യല്‍ ഉത്തരവുകള്‍ സ്വീകരിക്കാൻ ഒരു നിയമ പ്രതിനിധി ആവശ്യമാണ്. ഇത്തരത്തില്‍ എക്സിനും പ്രതിനിധിയെ നിയമിച്ചില്ലെങ്കില്‍ എക്സിന്റെ എല്ലാ പ്രവർത്തനങ്ങളും തടയുമെന്നും മൊറേസ് അറിയിച്ചിരുന്നു. നിയമ പ്രതിനിധിയുടെ പേര് നല്‍കാനുള്ള സമയം കഴിഞ്ഞ ദിവസം രാത്രി അവസാനിച്ചിരുന്നു.
മൊറേസ് ജയിലില്‍ കിടക്കുന്ന രീതിയിലുള്ള എഐ ചിത്രവും മസ്ക് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന ഈ ചിത്രം ഒരിക്കല്‍ യാഥാർത്ഥ്യമാകുമെന്നാണ് മസ്ക് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. സ്റ്റാർലിങ്കിന്റെ സഹായത്താല്‍ പ്രവർത്തിക്കുന്ന സ്കൂളുകളും ആശുപത്രികളും ഉണ്ടെന്നും, പണം സ്വീകരിക്കാൻ കഴിയില്ലെങ്കിലും ആരേയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തതിനാല്‍ ബ്രസീലിലെ ഉപയോക്താക്കള്‍ക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നല്‍കുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്.