മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകദിനവും കൂടാരയോഗവാർഷികവും ആഘോഷിക്കുന്നു.ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതൽ അഞ്ച് വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ വച്ചാണ് “പാരമ്പര്യം തലമുറകളിലേക്ക്’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഇടവകദിനം സംഘടിപ്പിക്കുന്നത്.ഇടവകദിനത്തിനോട് അനുബന്ധിച്ച് ക്നാനായ തനത് കലാരൂപമായ മാർഗംകളിയുടെ മെഗാ അവതരണം ഇടവകയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തും. 40ഓളം മാർഗംകളിക്കാരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തും.
മെൽബണിൽ ആവേശപൂർവം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികൾക്കുള്ള അവാർഡുകളും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.വിവിധ കൂടാരയോഗങ്ങളിലായി ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും വേദിയിൽ ആദരിക്കും.സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വളർച്ചയ്ക്കും ഇടവകയിലെ കുട്ടികളുടെ ആത്മീയമായ വളർച്ചയ്ക്കും വേദപാഠക്ലാസുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇടവകയുടെ മതബോധന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും ഇടവകദിനത്തിനോടനുബന്ധിച്ച് ആദരിക്കും.
മെഗാ മാർഗംകളി കൂടാതെ ഇടവകാംഗങ്ങൾക്കായി ഐസ് ബ്രെക്കിംഗ്, കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.എല്ലാ ഇടവകാംഗങ്ങളെയും പരിപാടിയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.