ഡാർവിൻ (ഓസ്ട്രേലിയ): സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക ദിനാഘോഷവും വി.ഗീവർഗീസ് സഹദായുടെ വലിയ പെരുന്നാളും കൊണ്ടാടി. മെയ് 21 ന്
തുടങ്ങിയ വിവിധ പരിപാടികൾ 25 ന് ആദ്യഫല പെരുന്നാളോട് കൂടി പര്യാവസാനിക്കും. മലങ്കര
ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ അഭി.ഗീവർഗ്ഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ മുഖ്യ കാര്മികത്ത്വത്തിൽ വി കുർബാനയും , റാസയും നേർച്ചവിളമ്പും നടന്നു . ഇടവക ദിനാഘോഷ സന്ധ്യയിൽ അഭി. തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഡാർവിനിലെ സഹോദര സഭകളിലെ ധാരാളം അംഗങ്ങൾ പങ്കു ചേർന്നു. ഇടവക വികാരി ഫാ. ജാക്സ് ജേക്കബ് സ്വാഗതവും സെക്രട്ടറി സാജൻ വറുഗീസ് നന്ദിയും രേഖപ്പെടുത്തി .
ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ കലാ പരിപാടികളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കു ചേർന്നത് കാഴ്ചക്കാർക്ക് ദൃശ്യ വിസ്മയമായി. പഠനത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ യോഗത്തിൽ അഭിനന്ദിക്കുകയും പെരുന്നാൾ സപ്ലിമെന്റിൻറെ പ്രകാശനവും നടന്നു. സപ്പ്ളിമെന്റിന്റെ കോപ്പി ദേവാലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ് (www.iocdarwin.org.au).
മെയ് 25 നു ബഹു ഇടവകവികാരിയുടെ കാര്മികത്ത്വത്തിൽ വി.കുർബാന ഉണ്ടായിരിക്കുന്നതാണ്. വി.കുർബാനാനന്തരം ആദ്യഫല പെരുന്നാളും, സ്നേഹ സദ്യയോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.