മെൽബൺ: ഉയിർപ്പു ഞായർ ദിനത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ദിവ്യബലി അർപ്പിക്കും. ദുഖവെള്ളി ദിനത്തിലും ഇതേ കത്തീഡ്രലിൽ പീഡാനുഭവ അനുസ്മരണ തിരുക്കർമങ്ങൾക്ക് ബിഷപ്പ് നേതൃത്വം നൽകും.
പെസഹാ വ്യാഴാഴ്ച്ച സെന്റ് മേരീസ് മെൽബൺ വെസ്റ്റ് ഇടവകയിലാണ് ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ നടക്കുന്നത്. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് സൗത്ത് ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ നടന്ന ഓശാനത്തിരുനാൾ ശുശ്രൂഷകൾക്കും ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നേതൃത്വം നൽകി. ആയിരത്തിലധികം വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു. കുരുത്തോലകളുമായി വിശ്വാസി സമൂഹം പള്ളി അങ്കണത്തിൽ പ്രദക്ഷിണം നടത്തി.കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇത് ആദ്യമായാണ് ഓസ്ട്രേലിയയിലെ പള്ളികളിൽ ഇത്ര വിപുലമായ വിശുദ്ധ വാരാചരണം നടക്കുന്നത്.