സിഡ്നി: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സിഡ്നിയിലെ സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ഇടവകയിൽ 18 മുതൽ 28 വരെ നൊവേനയും വിശുദ്ധ കുർബാനയും അർപ്പിക്കുന്നു.
കൂടാതെ, സീറോ മലബാർ മെൽബൺ രൂപതയുടെ പുതിയ മെത്രാനായി അഭിഷിക്തനായ മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ പ്രഥമ സന്ദർശനത്തിനോട് അനുബന്ധിച്ച് ഞായറാഴ്ച കാനോനിക്കൽ ആചാരപ്രകാരമുള്ള സ്വീകരണം ഉച്ചയ്ക്ക് 12:30ന് സെന്റ് മൈക്കിൾസ് കാത്തലിക് പള്ളിയിൽ വച്ചു ആരംഭിക്കും.തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായി കൊടിയേറ്റും കാഴ്ച്ച സമർപ്പണവും ആഘോഷമായ തിരുനാൾ കുർബാന അർപ്പണവും മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
കുർബാനയെ തുടർന്ന് പ്രദക്ഷിണത്തോടു കൂടി അവസാനിക്കുന്ന ആഘോഷത്തിനൊടുവിൽ അഭിവന്ദ്യ പിതാവ് സൺഡേ സ്കൂൾ കുട്ടികളുമായീ സംവദിക്കുകയും അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യും.തിങ്കളാഴ്ച വൈകുന്നേരം അഭിവന്ദ്യ പിതാവ് 6.30ന് സന്ധ്യാ നമസ്കാരം(റംശാ) നടത്തും. ശേഷം ഏഴിന് 10 വൈദികരോടൊപ്പം അഭിവന്ദ്യ പിതാവ് സമൂഹ ബലിയർപ്പിക്കുകയും അൽഫോൻസാമ്മയുടെ നൊവേന ചൊല്ലി പ്രാർഥിക്കുകയും ചെയ്യും.തിരുനാൾ അവസാനിക്കുന്ന ജൂലെെ 28ന് വൈകുന്നേരം ഏഴിന് ഫാ.ജോബി കടമ്പാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുകയും നൊവേനയും മെഴുകുതിരി പ്രതിക്ഷണവും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.തിരുനാളിൽ പങ്കു ചേരാൻ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു എന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കൽ അറിയിച്ചു.