തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ
പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 9ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും.
രാവിലെ 9.30 നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുക.
4,19,362 റഗുലർ വിദ്യാർത്ഥികളും, 192 പ്രൈവറ്റ് വിദ്യാർത്ഥികളും, എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിലായി ആകെ 1,40,703 കുട്ടികൾ പരീക്ഷ എഴുതുന്നു. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്.
എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതുന്നുണ്ട്. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്.
സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും
ലക്ഷദ്വീപിൽ ഒമ്പത് സ്കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.റ്റി പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി നടക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട്
പ്രസിദ്ധീകരിയ്ക്കും.