ഫ്രാന്‍സ്: രാജ്യത്ത് കുറ്റവാളികളാണെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പോലീസിന് അനുമതി നല്കി ഫ്രാന്‍സ്.
വിശാല നീതിന്യായ പരിഷ്കരണ ബില്ലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിയമനിര്‍മാതാക്കളാണ് ഇതിന് അനുമതി നല്‍കിയത്. ഫോണിലെയും മറ്റ് ഡിവൈസുകളിലെയും ക്യാമറ, മൈക്ക്, ജി.പി.എസ് എന്നിവ വിദൂരമായി പ്രവര്‍ത്തിപ്പിച്ചായിരിക്കും പോലീസിന്റെ ഈ ചാരവൃത്തി.
ചാരവൃത്തി വ്യവസ്ഥയെ പലരും എതിര്‍ത്തതിനെ തുടര്‍ന്ന് വര്‍ഷത്തില്‍ ഒരു ഡസണ്‍ കേസുകള്‍ക്ക് വേണ്ടി മാത്രമേ ചാരവൃത്തി ഉപയോഗിക്കുകയുള്ളുവെന്ന് നീതിന്യായ മന്ത്രി എറിക് ദുപോണ്ട് മോറെറ്റി വ്യക്തമാക്കി. അഞ്ച് വര്‍ഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ സംശയിക്കപ്പെടുന്നവരുടെ ജിയോലൊക്കേഷന്‍ മാത്രമേ ഇത്തരത്തില്‍ ചോര്‍ത്താന്‍ അനുമതിയുള്ളു. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളിലും സംഘടിത കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരുടെ ശബ്ദവും ചിത്രങ്ങളും ചാരവൃത്തിയിലൂടെ ശേഖരിക്കാം.
ഇത്തരത്തില്‍ ചാരവൃത്തി ചെയ്യാന്‍ ജഡ്ജിയുടെ അനുമതി ആവശ്യമാണ്. അതുപോലെ നിരീക്ഷണ കാലയളവ് ആറ് മാസത്തില്‍ കൂടാനും പാടില്ല. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍. പാര്‍ലിമെന്റ് അംഗങ്ങള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ നിയമാനുസൃതമായി ഈ വ്യവസ്ഥയുടെ ലക്ഷ്യമായിരിക്കില്ല.