സോള്‍: മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നായ മാംസം ഭക്ഷിക്കുന്നത് നിരോധിക്കാനുള്ള ആലോചനയില്‍ ദക്ഷിണ കൊറിയ.
2027ഓടെ നായ ഇറച്ചിയ്ക്ക് സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം. ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നായയുടെ മാംസം ആഹാരത്തിന് ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ നിലനില്ക്കുന്നു. ഓമന മൃഗങ്ങളായ നായകളെ വളര്‍ത്തുന്നതിന് പകരം കൊല്ലുന്നതിനെതിരെ ദക്ഷിണ കൊറിയയിലെ യുവതലമുറയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. നായ മാംസം കഴിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രത്യേക നിയമത്തിലൂടെ അവസാനിപ്പിക്കേണ്ട സമയമായെന്ന് ഭരണകക്ഷിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടിയുടെ പോളിസി തലവൻ പറയുന്നു.
നിരോധനം നടപ്പിലാക്കുന്നതിനുള്ള ഒരു ബില്ല് സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കും. ഇതിന് പാര്‍ലമെന്റിലെ എല്ലാ കക്ഷികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. നിയമം പാസായാല്‍ ഘട്ടം ഘട്ടമായി നിരോധനം നടപ്പാക്കിത്തുടങ്ങും. നിയമം മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്കും ഇറച്ചി വ്യാപാരികള്‍ക്കും മറ്റ് ബിസിനസുകള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കും.
ഇത്തരത്തില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ദക്ഷിണ കൊറിയയില്‍ നായ മാംസത്തിന്റെ ഡിമാൻഡ് കുത്തനേ താഴുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വില്പനയ്ക്കായെത്തിക്കുന്ന നായകള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ കണക്കിലെടുത്താണിത്. പ്രജനന കാലം കഴിഞ്ഞതോ വിപണിയില്‍ ആവശ്യക്കാരില്ലാത്തതോ ആയ നായകളെ വില്പന സംഘങ്ങള്‍ കൊന്നുതള്ളുന്നതും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുമ്ബും നായ മാംസം നിരോധിക്കുന്ന ബില്ലുകള്‍ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഏതാനും റസ്റ്റോറന്റ് ഉടമകളും രംഗത്തെത്തിയിരുന്നു. അതേ സമയം, സര്‍ക്കാരിന്റെ പുതിയ നീക്കത്തെ മൃഗ സംരക്ഷണ സംഘടനകള്‍ സ്വാഗതം ചെയ്തു.