സിയോള്‍: കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആഴ്ചയില്‍ 69 മണിക്കൂര്‍ ജോലിസമയമെന്ന നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞ് ദക്ഷിണ കൊറിയ.
ജോലിസമയം വര്‍ധിപ്പിക്കുന്നത് വര്‍ക്ക്-ലൈഫ് ബാലന്‍സിനെ ബാധിക്കുമെന്ന വ്യാപക വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് നിയമത്തില്‍ അഴിച്ചു പണി നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നേരത്തേ 52 മണിക്കൂറായിരുന്നു ദക്ഷിണ കൊറിയയില്‍ ആഴ്ചയിലെ ശരാശരി ജോലിസമയം. എന്നാലിത് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് മതിയാകുന്നില്ല എന്ന ബിസിനസ്സ് ഗ്രൂപ്പുകളുടെ ആവശ്യത്തെ തുടര്‍ന്ന് 69 മണിക്കൂറായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നു. നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുമ്ബ് രാജ്യത്തെ യുവതീയുവാക്കളുടെ അഭിപ്രായം തേടണമെന്നും നിയമം പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.
ബ്രിട്ടണ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ജോലി സമയം ആഴ്ചയില്‍ നാല് ദിവസമായി കുറയ്ക്കുമ്ബോള്‍ ജോലി സമയം വര്‍ധിപ്പിക്കാന്‍ കൊറിയ നീക്കം നടത്തിയത് ആഗോള തരത്തിലും ശ്രദ്ധയായിരുന്നു. ബ്രിട്ടണില്‍ ജോലി സമയം കുറച്ചത് ഉത്പാദന ക്ഷമതയും തൊഴിലാളികളുടെ ആരോഗ്യവും മെച്ചപ്പെടുത്തിയതായാണ് പഠനങ്ങള്‍ തെളിയിച്ചത്.