സോള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് തരംഗമായിരിക്കുന്ന ചൈനീസ് എഐ ചാറ്റ്ബോട്ടായ ഡീപ്സീക്കിനെ കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണ കൊറിയ. ഡീപ്സീക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് കമ്പനിയോട് രേഖാമൂലം ഉടന്‍ ആരായുമെന്ന് ദക്ഷിണ കൊറിയന്‍ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന് വ്യക്തമാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡീപ്സീക്ക് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ഫ്രാന്‍സും ഇറ്റലിയും അയര്‍ലന്‍ഡും തീരുമാനിച്ചിട്ടുണ്ട്.
എഐ രംഗത്ത് യുഎസ് കുത്തകകളെ വരെ വിറപ്പിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്ക് വലിയ തരംഗമായിരിക്കുകയാണ്. ഡീപ്സീക്ക് അടുത്തിടെ പുറത്തിറക്കിയ ‘ഡീപ്സീക്ക് ആർ1’ എന്ന ലാര്‍ജ് ലാഗ്വേജ് മോഡലാണ് ശ്രദ്ധേയമാവുന്നത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഓ1നോട് കിടപിടിക്കുന്ന ചാറ്റ്ബോട്ടാണ് കുറഞ്ഞ മുതല്‍മുടക്കില്‍ വികസിപ്പിച്ചതെന്ന് ഡീപ്സീക്ക് അവകാശപ്പെടുന്ന ഡീപ്സീക്ക് ആർ1. ആപ്പിള്‍ കമ്പനിയുടെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ് ജിപിടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡീപ്സീക്ക് മറികടന്നിരുന്നു. യുഎസ് ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താനും ഡീപ്സീക്കിന്റെ പുതിയ ചാറ്റ്ബോട്ടിനായി. അതേസമയം ഡീപ്സീക്ക് മറ്റ് എഐ മോഡലുകളെ കോപ്പിയടിക്കുന്നു എന്ന ആരോപണം ഓപ്പണ്‍ എഐയില്‍ നിന്ന് നേരിടുന്നുണ്ട്.
ഡീപ്സീക്ക് തരംഗമായതോടെ ചൈനീസ് ടെക് ഭീമന്മാരായ ആലിബാബ പുതിയ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ‘Qwen 2.5-Max’ എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ആലിബാബ പുറത്തിറക്കിയത്. പ്രകടനമികവില്‍ ക്വെൻ 2.5 മാക്സ്, ഡീപ്സീക്കിനെയും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെയും മറികടക്കുമെന്ന് വി ചാറ്റ് അക്കൗണ്ടിലൂടെ ആലിബാബ അവകാശപ്പെട്ടു. ചൈനക്കാരുടെ ചാന്ദ്രപുതുവർഷ ദിനത്തിലാണ് ആലിബാബ ക്വെൻ 2.5 മാക്സ് പുറത്തിറക്കിയത്.