സോള്‍: ഉത്തര കൊറിയയുമായുള്ള തർക്കങ്ങള്‍ക്കിടെ രണ്ടാമത്തെ സൈനിക ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ദക്ഷിണ കൊറിയ.
യു.എസിലെ ഫ്ലോറിഡയില്‍ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരമാണ് വിക്ഷേപിച്ചത്. റോക്കറ്റില്‍ നിന്ന് ഉപഗ്രഹം വിജയകരമായി വേർപെടുത്തിയതായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഈ വർഷം ഒന്നിലധികം രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള പദ്ധതി ഉത്തര കൊറിയ വീണ്ടും സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണ കൊറിയൻ നീക്കം. കഴിഞ്ഞ വർഷം നവംബറില്‍ ഉത്തര കൊറിയയും ഡിസംബറില്‍ ദക്ഷിണ കൊറിയയും ആദ്യ ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. പരസ്പരം നിരീക്ഷിക്കാനും മിസൈല്‍ ആക്രമണ ശേഷി വർധിപ്പിക്കാനുമാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതെന്നാണ് ഇരു രാജ്യങ്ങളും അവകാശപ്പെടുന്നത്. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായുള്ള കരാർ പ്രകാരം 2025ഓടെ അഞ്ച് ചാര ഉപഗ്രഹങ്ങള്‍ ദക്ഷിണ കൊറിയ വിക്ഷേപിക്കും.