സിഡ്നി: വമ്പൻ ഹോളിവുഡ് സിനിമകളെ വെല്ലുവിളിച്ച് അമേരിക്കൻ തിയറ്ററുകളിൽ നിറഞ്ഞോടിയ സൗണ്ട് ഓഫ് ഫ്രീഡം എന്ന ചിത്രം ഇനി ഓസ്ട്രേലിയയിലേക്ക്. ഓഗസ്റ്റിൽ സിനിമ നിരവധി ഓസ്ട്രേലിയൻ തീയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന്, വിഖ്യാത സംവിധായകനായ മെൽ ഗിബ്സന്റെ സഹ ഉടമസ്ഥതയിലുള്ള ഡെൻഡി സിനിമാസ് എന്ന ഓസ്ട്രേലിയൻ ചലച്ചിത്ര ശൃംഖല അറിയിച്ചു.
മനുഷ്യക്കടത്തിനെതിരേ സംസാരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന സിനിമയാണ് ‘സൗണ്ട് ഓഫ് ഫ്രീഡം. കൊളംബിയയിലെ ലൈംഗിക കടത്തുകാരിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച അമേരിക്കയിലെ മുൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഏജന്റായ ടിം ബല്ലാർഡിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സൗണ്ട് ഓഫ് ഫ്രീഡം. ഗിബ്സന്റെ ദ പാഷൻ ഓഫ് ദ ക്രൈസ്റ്റിൽ ക്രിസ്തുവായി അഭിനയിച്ച ജിം കാവിസെൽ ആണ് ബല്ലാർഡിന്റെ വേഷം ചെയ്യുന്നത്. സൗണ്ട് ഓഫ് ഫ്രീഡം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഓഗസ്റ്റ് 24-ന് റിലീസ് ചെയ്യുമെന്ന് ഡെൻഡി സിനിമാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്രേക്ഷകരുടെ നിരന്തരമായ ആവശ്യത്തെതുടർന്നാണ് ചിത്രം ഇരു രാജ്യങ്ങളിലും പ്രദർശിപ്പിക്കുന്നതെന്ന് ഡെൻഡി സിനിമാസ് അറിയിച്ചു.
15 മില്യൺ ഡോളർ നിർമാണച്ചെലവു വന്ന ചിത്രം അമേരിക്കയിലെ തിയറ്ററുകളിൽനിന്ന് നേടിയത് 100 മില്യൺ ഡോളറാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ഏതൊക്കെ തീയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്ന് ഡെൻഡി വ്യക്തമാക്കിയിട്ടില്ല. എന്നാൽ കമ്പനിക്ക് ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലൻഡ്, ഓസ്ട്രേലയൻ കാപ്പിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ അഞ്ച് സിനിമാശാലകളുണ്ട്.
കത്തോലിക്കാ വിശ്വാസികളായ എഡ്വേർഡോ വെരാസ്റ്റെഗുയി, അലജാൻഡ്രോ മോണ്ടെവെർഡെ എന്നിവരാണ് സൗണ്ട് ഓഫ് ഫ്രീഡത്തിന്റെ സംവിധായകർ. റിലീസ് ദിനത്തിൽ ഡിസ്നിയുടെ ‘ഇന്ത്യാന ജോൺസ് പരമ്പരയിലെ ഏറ്റവും പുതിയ സിനിമയായ ‘ഇന്ത്യാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി’യെ പിന്തള്ളി ഹിറ്റ്ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു.