ഓരോ ദേശത്തും ഓരോ കാലത്ത് രൂപപ്പെടുന്ന വിശ്വാസങ്ങൾ ക്രോഡീകരിച്ചാണ് മതങ്ങൾ രൂപപ്പെടുന്നത്. അങ്ങനെ രൂപപ്പെടുന്ന മതങ്ങൾക്ക് അതാത് ദേശത്തിന്റെതായ പ്രത്യേകതകളും അടങ്ങിയിരിക്കും. ദൈവ രൂപങ്ങൾ. ആചാരാനുഷ്ഠാനങ്ങൾ എന്ന് തുടങ്ങി എല്ലാ കാര്യങ്ങളിലും ഈ പ്രത്യേകതകൾ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ആധുനീക കാലത്ത് ലോകം കൈകുമ്പിളില്‍ ഒതുങ്ങുമ്പോൾ, മതങ്ങൾ പുതിയ മേഖലകളിലേക്കും വളരുന്നു. അങ്ങനെ വ്യാപിക്കുന്ന മതങ്ങൾ അതാത് ദേശത്തിന്റെ പ്രത്യേകതകളെ കൂടി സ്വാംശീകരിക്കുകയും അവയെ കൂടി ഒപ്പം കൂട്ടികയും ചെയ്യുന്നു. ഇന്ന് ലോകത്ത് കാണുന്ന പ്രധാനപ്പെട്ട എല്ലാ മതങ്ങളിലും ഇത്തരം പ്രത്യേകതകൾ നമ്മുക്ക് കണ്ടെത്താന്‍ കഴിയും.
ഒരു ഓസ്ട്രേലിയന്‍ ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ച യുവതി, തന്റെ ഇഷ്ടദേവനായ ഗണപതിക്ക് ഓസ്ട്രേലിയന്‍ ചോക്ലേറ്റ് നല്‍കിയെന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വളരെ പെട്ടെന്നാണ് വൈറലായത്. ഇതോടെ സമൂഹ മാധ്യമത്തില്‍ ഹിന്ദു ദൈവങ്ങൾക്ക് അർപ്പിക്കാന്‍ കഴിയുന്ന ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന സജീവ ചര്‍ച്ച തന്നെ നടന്നു. ഒറ്റ ദിവസം കൊണ്ട് കുറിപ്പ് കണ്ടത് നാലര ലക്ഷത്തിലേറെ പേര്. ഓസ്ട്രേലിയന്‍ ‘സനാതന ധര്‍മ്മി’ എന്ന് സ്വയം വിശേഷിപ്പിച്ച യുവതി, താന്‍ ഗണപതി ഭഗവാന് ഓസ്ട്രേലിയന്‍ ഭക്ഷണവും സാചർടോർട്ടെ എന്ന ഓസ്ട്രേലിയന്‍ ചോക്ലേറ്റ് കേക്കും നല്‍കിയെന്നായിരുന്നു തന്റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ചത്. കുറിപ്പിനോടൊപ്പം ഗണപതിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ ഒരു മുഴുവന്‍ സാചർടോർട്ടെയും വച്ചിരിക്കുന്ന ചിത്രവും അവര്‍ പങ്കുവച്ചു.
ചിത്രത്തിന് താഴെ രസകരമായ ചില കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളെത്തി. സനാതന ധർമ്മ പ്രകാരം ഭഗവാന് ഗണപതിക്ക് ഫലങ്ങളും പാലും ഡ്രൈഫ്രൂഡ്സുമാണ് നല്‍കേണ്ടത് കേക്കും പാസ്ട്രിയും ദയവായി ഒഴിവാക്കുക. ദൈവങ്ങൾക്ക് നേദിക്കാന്‍ പറ്റുന്നവ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് സനാതന പുസ്തകങ്ങൾ വായിച്ച് മനസിലാക്കുകയെന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. അതിന് മറുപടിയായി യുവതി ഗണേശ ഭഗവാന് മധുരം ഇഷ്ടമാണെന്ന് മറുപടി പറഞ്ഞു. ഗണേശ ഭഗവാന് നിങ്ങൾ എന്ത് നല്കുന്നു നല്‍കാതെയിരിക്കുന്നു എന്നതിലല്ല ശ്രദ്ധ. മറിച്ച് നിങ്ങളുടെ ഭക്തിയെക്കുറിച്ചാണ്. അവന് മധുരം കൊടുക്കാം എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.