കുട്ടികളെ ആണെന്നും പെണ്ണെന്നും തിരിച്ച് രണ്ട് നിരയായി വളര്‍ത്തുന്നത് ആരോഗ്യമുള്ള സമൂഹത്തെ പ്രതീകൂലമായി ബാധിക്കുമെന്ന ഈ രംഗത്തെ വിദഗ്ദരുടെ നീരീക്ഷണങ്ങളെ തുടര്‍ന്നാണ് ലോകമെങ്ങുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ് കുട്ടികളെയും പെണ് കുട്ടികളെയും ഇടകലര്‍ത്തി ഇരുത്താന്‍ ആരംഭിച്ചത്. അത്തരമൊരു തീരുമാനം വന്നപ്പോള്‍ ‘അയ്യോ… ഞങ്ങളുടെ കാലത്ത് ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ’ എന്ന് ചില തലമുറകള്‍ പരിതപിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ പുതിയ തലമുറയുടെ ആവശ്യം കേട്ട സമൂഹ മാധ്യമ ഉപയോക്താക്കളാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്.
ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിൻസിപ്പലിന് സമര്‍പ്പിച്ച ഔപചാരിക അപേക്ഷ കുട്ടികളിലൊരാളുടെ സഹോദരന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ‘എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആൺകുട്ടികൾക്കും ഒരു പ്രത്യേക നിര വേണം’ എന്ന കുറിപ്പോടെയാണ് കുട്ടികളുടെ അപേക്ഷ അപൂര്‍വ്വ എന്ന് എക്സ് ഉപയോക്താവ് പങ്കുവച്ചത്. പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്ത അപേക്ഷയിൽ കുട്ടികള്‍ തങ്ങളുടെ ആവശ്യം എഴുതി, “പെൺകുട്ടികൾക്ക് ഒരു പ്രത്യേക വരി നൽകണമെന്ന് ഞങ്ങൾ (എല്ലാ ആൺകുട്ടികളും) അഭ്യർത്ഥിക്കുന്നു, കാരണം അവർ വരികളിലെ ആദ്യ രണ്ട് സീറ്റുകൾ കൈയടക്കി വച്ചിരിക്കുന്നു.” ഇത് മൂലം പുറകില്‍ ഇരിക്കുന്ന തങ്ങളുടെ മേശമേലേക്ക് വീഴുന്ന പെൺകുട്ടികളുടെ നീണ്ട മുടി കൈകാര്യം ചെയ്യേണ്ട അസൌകര്യമുണ്ടെന്ന് കുട്ടികള്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അപേക്ഷയിൽ അന്ന് ക്ലാസിലുണ്ടായിരുന്ന എല്ലാ ആൺകുട്ടികളുടെ ഒപ്പും ഉണ്ടായിരുന്നു.
കുറിപ്പ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ അഞ്ചര ലക്ഷത്തിന് മേലെ ആളുകളാണ് ഇത് കണ്ടത്. നിരവധി പേര് കുട്ടികളുടെ അപേക്ഷയിക്ക് രസകരമായ മറുപടികളുമായി രംഗത്തെത്തി. ‘ശ്രുതി മാം നന്നായി ചിരിച്ചിട്ടുണ്ടാകും. വളരെ ക്യൂട്ടായതിന് നിങ്ങളുടെ സഹോദരൻ ആലിംഗനം അർഹിക്കുന്നു’ ഒരു കാഴ്ചക്കാരനെഴുതി. ‘എന്റെ അപേക്ഷയേക്കാൾ മികച്ചത്.’ മറ്റൊരാള്‍ കൂട്ടിചേര്‍ത്തു. ‘ആർക്കും അവരുടെ നോട്ട്ബുക്കുകളിൽ മുടി ആവശ്യമില്ല.’ മറ്റൊരു കാഴ്ചക്കാരന് എഴുതി. ‘എല്ലാ ആൺകുട്ടികളും ഇതിൽ ഉത്സാഹത്തോടെ കൂടിയിട്ടുണ്ടെന്ന് ഞാൻ ഊഹിക്കുന്നു. ഇത് ചെയ്യാനായി മികച്ച ഇംഗ്ലീഷും കൈയക്ഷരവുമുള്ള ആളെ തെരഞ്ഞെടുക്കുന്നു, ‘വൈറ്റ്നർ കൊണ്ടുവരിക, അക്ഷരപ്പിശകുണ്ട്’ എന്ന് പറയുമ്പോൾ. അവൻ ഒരു തെറ്റ് ചെയ്തു, അത് അഭിമാനത്തോടെ ശ്രുതി കാൻഗ്ര മാമിന് സമർപ്പിക്കാൻ 10 പേരെ ഒപ്പം കൂട്ടി. ” മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.