ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിച്ചതായാണ് അടുത്ത കാലത്ത് ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ കുടുംബം ഇന്ത്യയിലേക്ക് തന്നെ തിരിച്ച് വരികയാണെന്ന് വ്യക്തമാക്കിയപ്പോള്‍ അത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. കുടുംബാംഗങ്ങളില്‍ ഒരാള്‍ തന്റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഒന്നു കൂടി പറഞ്ഞു. തങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന നഗരം ഗുരുഗ്രാമല്ല, മറിച്ച് ബെംഗളൂരുവാണെന്ന്.
“ഞാൻ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് മടങ്ങുന്ന കാര്യം പരിഗണിക്കുകയാണ്. (ഞങ്ങൾ 2022 ജൂലൈയിൽ ഗുഡ്ഗാവിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മാറി). ഞാൻ എന്റെ കുടുംബത്തിനും ജീവിതപങ്കാളിക്കും 5 വയസ്സുള്ള കുട്ടിക്കുമൊപ്പമാണ് മാറുന്നത്,” അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു. കുടുംബവുമായും സുഹൃത്തുക്കളുമായും അടുത്തിടപഴകുന്നതാണ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം കുറിച്ചു. ഗുരുഗ്രാമിനെ ഒഴിവാക്കി ഐടി നഗരമായ ബെംഗളൂരുവിനെ തെരഞ്ഞെടുക്കാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.
“ബെംഗളൂരുവിലെ കോസ്മോപൊളിറ്റൻ, ഊർജ്ജസ്വലമായ സമൂഹമാണെന്നതാണ് അങ്ങോട്ട് മാറാനുള്ള കാരണം. തീർച്ചയായും, ദീപാവലി, ഹോളി, രാഖി, ദശേര, ജനമാസ്ത്മി, ഗണേശ ചതുർത്ഥി തുടങ്ങിയ ഇന്ത്യൻ ആഘോഷങ്ങളും മറ്റ് ഒന്നിലധികം ഉത്സവങ്ങളും” അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞങ്ങൾക്ക് ഓഫീസ് സ്പെയ്സുകളുടെയോ മെട്രോ സ്റ്റേഷനുകളുടെയോ പരിസരത്ത് അപ്പാർട്ട്മെന്റുറുകൾ (വാടക) എടുക്കാൻ കഴിയുമെന്നതിനാൽ ഞങ്ങൾക്ക് ട്രാഫിക്ക് ഒരു പ്രശ്നമല്ല.” പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കുട്ടികളുമായി മുന്നേ ഐടി നഗരത്തിലേക്ക് മാറിയ ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയെന്നും അദ്ദേഹം എഴുതി.
എന്നാല്‍. സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കിനെ കുറിച്ചും ആകാശം മുട്ടെ ഉയര്‍ന്ന വാടക നിരക്കുകളെ കുറിച്ചും സൂചിപ്പിച്ചു കൊണ്ട് ബെംഗളൂരു തെരഞ്ഞെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ കുട്ടികളെ ഉയര്‍ന്ന വിദ്യാഭ്യാസ ചെലവിനെ കുറിച്ച് സൂചിപ്പിച്ചു. മറ്റ് ചിലര്‍ ബെംഗളൂരുവിനെക്കാള്‍ നോയിഡ തെരഞ്ഞെടുക്കാനായിരുന്നു ഉപദേശിച്ചത്. മറ്റ് ചിലര്‍ പൂനെയുടെയും അഹമ്മദാബാദിന്റെയും ഗുണങ്ങള്‍ വിവരിച്ചു. ബെംഗളൂരുവിനെക്കാള്‍ മെച്ചം ദില്ലി, നോയിഡ, മുംബൈ അല്ലെങ്കിൽ പൂനെ എന്നീ നഗരങ്ങളാണെന്ന് മറ്റു ചിലര്‍ ഉപദേശിച്ചു.