ഇരിങ്ങാലക്കുട : മണിപ്പൂരിലെ ക്രൈസ്തവർക്കെതിരെ നടത്തപ്പെടുന്ന അക്രമങ്ങൾക്ക് അറുതിവരുത്താൻ ഒന്നും ചെയ്യാതിരിക്കുകയും അക്രമികൾക്ക് മൗനസമ്മതം നൽകുന്ന തരത്തിലുള്ള കേന്ദ്രഗവൺമെന്റിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ചുകൊണ്ട്, ജൂലൈ 1 ശനിയാഴ്ച വൈകിട്ട് 5 മുതൽ 6:30 വരെയുള്ള സമയത്ത്, ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഇടവകകളും പങ്കെടുത്തുകൊണ്ട്, ചാലക്കുടിപ്പുഴ മുതൽ കുറുമാലി പുഴ വരെയുള്ള ദേശീയപാതയുടെ കിഴക്കുഭാഗത്ത്, ഇരിങ്ങാലക്കുട രൂപത മണിപ്പൂരിലെ ക്രൈസ്തവർക്കൊപ്പം എന്ന് പ്രഖ്യാപിച്ചുകൊണ്ട്, സ്നേഹചങ്ങല തീർക്കുന്നതായിരിക്കുമെന്ന് രൂപതാ ഭാരവാഹികൾ വ്യക്തമാക്കി .
ചങ്ങലയിലെ കണ്ണികൾ ആകാൻ ചാലക്കുടി ഇടവകക്ക് ലഭിച്ചിരിക്കുന്നത്, ചാലക്കുടി പുഴ മുതൽ ചുങ്കത്ത് ജ്വല്ലറിയുടെ മുൻഭാഗം വരെയുള്ള സ്ഥലമാണ്. സ്നേഹ ചങ്ങല ആരംഭിക്കുന്നതും രൂപതയിലെ ഏറ്റവും വലുതുമായ ഇടവക എന്ന നിലയിൽ ചാലക്കുടിയിൽ നിന്നും വളരെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു. നൽകപ്പെട്ടിട്ടുള്ള സ്ഥലത്ത് മേഖല അടിസ്ഥാനത്തിൽ യൂണിറ്റ് അംഗങ്ങൾ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേർന്ന് സ്നേഹചങ്ങലയിലെ കണ്ണികളായി കൊണ്ട് മണിപ്പൂരിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. മേഖലാടിസ്ഥാനത്തിൽ യൂണിറ്റുകൾ എത്തിച്ചേരേണ്ട സ്ഥലങ്ങളുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു. ഇത് ഞങ്ങളുടെ പ്രശ്നമല്ല എന്ന് പറഞ്ഞു മാറിനിൽക്കാതെ, യൂണിറ്റിലെ എല്ലാവരും തന്നെ സ്നേഹ ചങ്ങയിലെ കണ്ണികളാകാൻ ഒരു മെഴുകുതിരിയും പേപ്പൽ ഫ്ലാഗും കൊണ്ട് (മറ്റു ഫ്ലാഗുകൾ വേണ്ട ) എത്തിച്ചേരണമെന്നും ,യൂണിറ്റ് ഭാരവാഹികളും മേഖല കൺവീനർമാരും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ആവശ്യമായ നേതൃത്വം നൽകേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
*സ്നേഹച്ചങ്ങല തീര്‍ക്കലിന്റെ ക്രമം :*
1. സ്നേഹച്ചങ്ങല തീര്‍ക്കുന്നത് 2023 ജൂലൈ ഒന്ന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 6.15 വരെ.
2. സ്ഥലം :* ഇരിങ്ങാലക്കുട രൂപതയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ചാലക്കുടിപ്പുഴ പാലം മുതല്‍
കുറുമാലിപ്പുഴ പാലം വരെ 16 കിലോമീറ്റര്‍ ദൂരത്തില്‍.
3. 16 കിലോമീറ്റര്‍ ദൂരം 18 സോണുകളായി തിരിച്ച് കുടുംബസമ്മേളന കേന്ദ്രസമിതി, കൈക്കാരന്മാര്,
കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത്, എകെസിസി, മാതൃസംഘം എന്നീ സംഘടനകളുടെ
ഭാരവാഹികള്‍ വൈസ് ക്യാപ്റ്റന്മാരായി നേതൃത്വം നല്കുന്നു.
4. വൈകിട്ട് 5 മണി മുതല്‍ പ്രതിനിധികള്‍ ഇടവകകളില്‍ നിന്നു ദേശീയപാതയിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍
എത്തിചേർന്ന് അണിനിരക്കുന്നു.
5. 5.30 മുതല്‍ 6 മണി വരെ നീതി നടപ്പാകാന്‍ കരുണയുടെ ജപമാല, മുദ്രാവാക്യം.
6. 6.00 മണിക്ക് എല്ലാവരും മെഴുകുതിരി തെളിയിക്കും. 6.05 ന് ദീപം ഉയര്‍ത്തിപ്പിടിച്ചു സഭയുടെ
വിശ്വാസപ്രമാണം ഏറ്റുചൊല്ലും. 6.10 ന് ക്രിസ്തുവിശ്വാസം പ്രതിസന്ധികളില്‍ തളരില്ലെന്നു പ്രതിജ്ഞ
ചെയ്തും പീഡനമേല്‍ക്കുന്ന മണിപ്പുരിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രമേയം
ഏറ്റുചൊല്ലും.
7. 6.15 ന് സ്നേഹച്ചങ്ങലയ്ക്ക് സമാപനം.
8. ദേശീയ പാതയുടെ കിഴക്കു ഭാഗത്തായിരിക്കും സ്നേഹച്ചങ്ങല തീര്‍ക്കുക.
9. മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍,
വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ സ്നേഹച്ചങ്ങലയില്‍ പങ്കെടുക്കും.
10. പള്ളികളില്‍ നിന്നുള്ള പ്രതിനിധികള്‍ പേപ്പല്‍ പതാകകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ
കയ്യിലേന്തിയായിരിക്കും പങ്കെടുക്കേണ്ടത്.
11. ദേശീയപാതയില്‍ അഞ്ചു വിളംബര വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്കി സഞ്ചരിച്ചുകൊണ്ടിരിക്കും.
12. ചാലക്കുടി സൗത്ത് ജംക്ഷന്, ആനമല ജംക്ഷന്, പോട്ട ജംക്ഷന്, അപ്പോളോ ടയേഴ്സിനു സമീപം,
കൊടകര, നന്തിക്കര എന്നീ സ്ഥലങ്ങളില്‍ വിശദീകരണ പ്രസംഗങ്ങളുണ്ടാകും.
13. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് രൂപതയിലെ എല്ലാ ഇടവകകളിലും ദൈവാലയമണി മുഴക്കുന്നു.