ടോക്കിടോ: സ്മോക്ക് ബോംബ് ആക്രമണത്തില്‍ നിന്ന് തലനാരിഴെ രക്ഷപ്പെട്ട് ജാപ്പനീസ് പ്രധാനമന്ത്രി ഫൂമിയോ കിഷിദ.ശനിയാഴ്ച ഉച്ചയ്ക്ക് പടിഞ്ഞാറന്‍ ജപ്പാനിലെ വാകയാമ തുറമുഖത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം.
പ്രസംഗിക്കാന്‍ തുടങ്ങുന്നതിനിടെ അദ്ദേഹത്തിനു നേരെ പൈപ്പ് ആകൃതിയിലുള്ള സ്മോക്ക് ബോംബ് എറിയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വേദിയ്ക്ക് സമീപം വീണ ബോംബ് സെക്കന്റുകള്‍ക്കുള്ളില്‍ പൊട്ടി വെളുത്ത പുക വ്യാപിച്ചു.
ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിഷിദയെ ഉടന്‍ ഇവിടെ നിന്ന് മാറ്റി. അക്രമിയെ സംഭവസ്ഥലത്ത് നിന്ന് പിടികൂടി. 24 കാരനായ റിയുജി കിമൂറയാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേ സമയം, വാകയാമയില്‍ നിന്ന് മാറ്റിയ കിഷിദ വൈകാതെ മറ്റൊരു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു.പ്രമുഖര്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ ജപ്പാനില്‍ വളരെ അപൂര്‍വമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂലായ് 8ന് നാരാ നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ രാഷ്ട്രീയക്കാരുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ആബെ വധത്തിന്റെ നടുക്കം മാറുന്നതിന് മുന്നേയാണ് കിഷിദയ്ക്ക് നേരെയുള്ള ആക്രമണം. അതേ സമയം, അടുത്ത മാസം ജപ്പാനില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയ്ക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കുമെന്ന് കിഷിദ ഇന്നലെ പ്രതികരിച്ചു.