മെൽബൺ∙ കുഞ്ഞ് കോവയുടെ മനോഹരമായ പുഞ്ചിരി ഡോക്ടർമാരെയും നഴ്സുമാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു. പക്ഷേ ഈ പുഞ്ചിരിക്ക് പിന്നിൽ വേദനയുടെ ഒരു ജീവിത കഥയുണ്ട്.
കഴിഞ്ഞ നവംബറിലാണ് മെൽബൺ സ്വദേശികളായ നതാലി വാക്കർ (48), ബെൻ കെർമോഡ് (49) എന്നിവർ തങ്ങളുടെ ഇളയ മകന് ബാലൻസ് നഷ്ടപ്പെടുന്നതായും ഛർദ്ദിക്കുന്നതായും കണ്ടെത്തിയത്. കൂടുതൽ നേരം ഒരേ വസ്തുവിലേക്ക് നോട്ടം സാധ്യമില്ലെന്നും ഇവരുടെ ശ്രദ്ധയിൽപെട്ടു. കോവയേയും കൊണ്ട് മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർമാർ കോവക്ക് ജീവന് ഭീഷണിയുർത്തുന്ന മസ്തിഷ്ക കാൻസർ ആണെന്ന് അറിയിച്ചു. മെഡുല്ലോബ്ലാസ്റ്റോമ എന്നാണ് രോഗത്തിന്റെ പേര്.
വേഗത്തിൽ വളരുന്ന ട്യൂമർ സെറിബെല്ലത്തിലെ ബ്രെയിൻസ്റ്റെമിന് സമീപം ആരംഭിച്ച് തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും.വേഗത്തിലുള്ള ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യാൻ കഴിഞ്ഞു. എന്നാൽ പിന്നീട് കോവയിൽ ജീവിതത്തെ മാറ്റിമറിക്കുന്ന മറ്റൊരു സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി–പോസ്റ്റ് ഓപ്പറേറ്റീവ് പോസ്റ്റീരിയർ ഫോസ സിൻഡ്രോം (PFS) ആണ് കോവക്ക് ഇപ്പോൾ ഉള്ളതെന്ന് ഡോക്ടർമാർ മാതാപിതാക്കളോട് പറഞ്ഞു. ഈ സിൻഡ്രോം കാരണം കോവക്ക് ഇരിക്കാനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ലെന്ന് കെർമോഡ് പറഞ്ഞതായി ഡെയ്ലി മെയിൽ ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ റേഡിയേഷനും കീമോതെറാപ്പിയുമായി നാലുവയസ്സുകാരനായ കോവ ഇപ്പോൾ ആശുപത്രിയിലാണ് കഴിയുന്നത്. മൂന്നുമാസമായി മാതാപിതാക്കൾ രാത്രിയിൽ മാറിമാറി ആശുപത്രിയിൽ കോവയുടെ കട്ടിലിന്റെ അടുത്താണ് ചെലവഴിക്കുന്നത്.കോവ രോഗമുക്തനായി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് മൂന്ന് സഹോദരന്മാരും. ആദ്യ ശസ്ത്രക്രിയക്ക് ശേഷം കോവയുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടിക്ക് ആദ്യം രോഗം ഭേദമാകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്ന് കെർമോഡ് പറഞ്ഞു.
“മസ്തിഷ്ക ശസ്ത്രക്രിയ ഒരു വലിയ കാര്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞു വന്നതിന് ശേഷം അവൻ ഒന്നുകിൽ ഉറങ്ങുകയായിരുന്നു, അല്ലെങ്കിൽ ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകൾ കാരണം കുറേ നാളത്തേക്ക് അസ്വസ്ഥനായിരുന്നു. ഒരു തെറാപ്പിസ്റ്റ് അവനെ ചിരിപ്പിച്ചു. അപ്പോഴാണ് ഞാൻ കോവയെ കണ്ടത്. അതിനു മുൻപ് അവൻ അവനെപ്പോലെ തോന്നിയില്ല. ആശുപത്രിയിലുള്ള എല്ലാവരും അവന്റെ പുഞ്ചിരിയെക്കുറിച്ച് പറയുകയാണ്” – കെർമോഡ് വ്യക്തമാക്കി.
ഈ സിൻഡ്രോം ബാധിച്ചവർക്ക് സാധാരണയായി ചലന-നാഡീ നിയന്ത്രണവും സംസാരിക്കാനുള്ള കഴിവും വീണ്ടുകിട്ടും. എന്നാൽ ചെറിയ പ്രായത്തിൽ ഈ രോഗം ബാധിച്ചതിനാൽ കുഞ്ഞിന്റെ സാധാരണ വികാസത്തിന് വെല്ലുവിളികൾ ഉയർത്തുന്നു. കോവയുടെ മനോഭാവത്തെ പ്രശംസിച്ച് ‘പുഞ്ചിരിക്കുന്ന പോരാളി’ എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്.
കോവയുടെ ചികിത്സാ രീതികൾ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്ത് റേഡിയേഷന്റെയും കീമോതെറാപ്പിയുടെയും ആഘാതങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിലുള്ള പ്രമേഹ മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ പരീക്ഷണത്തിൽ കുട്ടിയെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.കോവ ശാരീരികമായി ആരോഗ്യമുള്ള അവസ്ഥയിലേക്ക് മടങ്ങിവരുന്നത് കാണാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെർമോഡ് പറഞ്ഞു.