ബെംഗളൂരു: കർണാടകയിലെ തുമകുരുവിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞുമടക്കം ആറ് പേരാണ് മരിച്ചത്. എട്ടിനഹള്ളി സ്വദേശികളായ നാഗഭൂഷൻ റെഡ്ഡി, ഭാര്യ സിന്ധു, എട്ട് വയസ്സുള്ള മകൻ വേദാംശ്, സിന്ധുവിന്റെ അച്ഛൻ ജനാർദ്ദനറെഡ്ഡി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിലുണ്ടായിരുന്ന ഡ്രൈവറും അഞ്ച് വയസ്സുള്ള കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തുമകുരുവിലെ മധുഗിരി താലൂക്കിൽ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ സിദ്ധഗംഗ, നാഗരാജു എന്നിവരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.