മ്യാന്മറിന് ആറ് ആനകള്‍ക്ക് പകരമായി ആറ് യുദ്ധവിമാനങ്ങള്‍ റഷ്യ മ്യാന്മറിന് കൈമാറിയതായി അഭ്യൂഹം. എസ്യു-30എസ്എംഇ വിമാനങ്ങളാണ് റഷ്യ ആനകള്‍ക്ക് പകരമായി കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം റഷ്യയോ മ്യാന്മറോ സ്ഥിരീകരിച്ചിട്ടില്ല. bulgarianmilitary.com എന്ന ഓൺലൈൻ പോർട്ടലാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത നൽകിയത്.
2018 ൽ ഒപ്പുവച്ച 204 മില്യൺ ഡോളറിൻ്റെ കരാർ പ്രകാരം റഷ്യ ആറ് എസ്യു-30എസ്എംഇ മൾട്ടിറോൾ യുദ്ധവിമാനങ്ങൾ മ്യാൻമർ എയർഫോഴ്സിന് കൈമാറി. ഇർകുട്സ്ക് ഏവിയേഷൻ പ്ലാൻ്റ് നിർമ്മിച്ച ഇരട്ട-എഞ്ചിൻ, രണ്ട് സീറ്റുകളുള്ള വിമാനമാണ് കൈമാറിയത്. എയർ-ടു-എയർ കോംബാറ്റ്, ഗ്രൗണ്ട് സ്ട്രൈക്കുകൾ, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നീ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് വിമാനം. എന്നാൽ, റഷ്യയിലെ ഗ്രേറ്റ് മോസ്കോ സ്റ്റേറ്റ് സർക്കസിലേക്ക് അഞ്ച് പിടിയാനകളെയും ഒരു കൊമ്പനെയും എത്തിച്ചതിന് പ്രതിഫലമായാണ് യുദ്ധവിമാനങ്ങൾ എത്തിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിലായിരുന്നു ആനകളെ കൈമാറിയത്. മ്യാൻമറിൽ ആനകളെ ശക്തിയുടെയും ഭാഗ്യത്തിൻ്റെയും പ്രതീകമായി കാണുന്നതിനാൽ റഷ്യക്ക് കൈമാറിയത് സമ്മാനമാകാമെങ്കിലും യുദ്ധവിമാനങ്ങൾക്കുള്ള പണം നൽകുന്നതിന്റെ ഭാഗമായാണ് ആനകളെ കൈമാറിയതെന്ന് സംശയിക്കുന്നതായും പറയുന്നു. 400 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ജെറ്റുകൾ. ഈ വർഷമാണ് വിമാനങ്ങൾ കൈമാറിയത്. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ആനകൾക്ക് ഭക്ഷണം നൽകുന്ന വീഡിയോയും പുറത്തുവന്നു.