റോം : വിവാദങ്ങളുടെ തോഴനായിരുന്ന ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി (86) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായിരുന്ന ബര്‍ലുസ്കോണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.യുദ്ധാനന്തര ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വ്യക്തിയാണ് ബര്‍ലുസ്കോണി. 1994 മുതല്‍ 2011 വരെയുള്ള കാലയളവില്‍ അദ്ദേഹം മൂന്നുതവണ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. ബര്‍ലുസ്കോണിയുടെ ഫോര്‍സ ഇറ്റാലിയ പാര്‍ടി നിലവിലെ ഇറ്റാലിയൻ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ്.
ശതകോടീശ്വരനും വ്യവസായിയുമായ ബെര്‍ലുസ്കോണിക്കെതിരെ നിരവധി ലൈംഗിക, അഴിമതി വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം ഇരയായ കുപ്രസിദ്ധമായ “ബുംഗ ബുംഗ’ സെക്സ് പാര്‍ട്ടി കേസിലും ആരോപണവിധേയനായെങ്കിലും പിന്നീട് കുറ്റവിമുക്തനായി. നികുതി തട്ടിപ്പിന് ശിക്ഷിക്കപ്പെട്ടതോടെ കുറേക്കാലം പൊതുജീവിതത്തില്‍ നിന്ന് വിട്ടുനിന്നു. ഇറ്റലിയിലെ ധനികരില്‍ ഒന്നാമൻ, പ്രമുഖ ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഉടമ, മാധ്യമ മുതലാളി തുടങ്ങിയ നിലകളിലും ബര്‍ലുസ്കോണി പ്രസിദ്ധനായിരുന്നു.