ന്യൂയോര്‍ക്ക്: സിഖ് മതക്കാരനായ പൊലീസുകാരനെ താടി വളര്‍ത്തുന്നതില്‍ നിന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് വിലക്കിയതായി ആരോപണം.തൊഴിലാളികളെ മതപരമായ കാര്യങ്ങള്‍ പാലിക്കാൻ തൊഴിലുടമകള്‍ അനുവദിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് സംഭവം.ചരണ്‍ജോത് തിവാന എന്നയാളാണ് 2022ല്‍ തന്റെ വിവാഹത്തിനായി അര ഇഞ്ച് താടി വളര്‍ത്താൻ ശ്രമിച്ചത്. എന്നാല്‍ ഇത് ഗ്യാസ് മാസ്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷകാരണങ്ങള്‍ ചൂണ്ടികാട്ടി തടയുകയായിരുന്നു.
മതപരമായ സമര്‍പ്പണത്തിന്റെ ഭാഗമായി സിഖ് പുരുഷൻമാര് തലപ്പാവ് ധരിക്കുകയും മുടിയും താടിയും വെട്ടാതിരിക്കുകയും വേണം. എന്നാല്‍ പൊലീസിന്റെ ഗ്രൂമിങ് നിയമനുസരിച്ച് മുടി ചെറുതാക്കി വെട്ടുകയും താടി വടിക്കുകയും ചെയ്യണം.
തിവാനയുടെ അഭ്യര്‍ത്ഥന പൊലീസ് സ്ഥിരീകരിച്ചെങ്കിലും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാൻ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് വക്താവ് ഡീന്ന കോഹൻ തയ്യാറായില്ല. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിലെ വൈവിധ്യങ്ങളെ തങ്ങള്‍ വിലമതിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.