തിരൂര്‍: ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഫര്‍ഹാനയും ഷിബിലിയും ആഷിഖും ശ്രമിച്ചത് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ.
ഫര്‍ഹാനക്കൊപ്പമുള്ള നഗ്നചിത്രമെടുക്കാൻ നടത്തിയ ശ്രമം സിദ്ദിഖ് ശക്തമായി പ്രതിരോധിച്ചതോടെ പ്രതികള്‍ അഞ്ച് മിനിട്ടുകൊണ്ട് കൊല നടത്തുകയായിരുന്നു. സംഭവത്തില്‍ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും.
കോടതി കസ്റ്റഡി അപേക്ഷ അനുവദിച്ചാല്‍ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും.സംഭവം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലുള്ള ‘ഡി കാസ ഇൻ’ ലോഡ്ജ്, ഇലക്ട്രിക് കട്ടര്‍ വാങ്ങിയ കല്ലായി റോഡ് പുഷ്പ ജംഗ്ഷനിലെ സ്ഥാപനം, ട്രോളിബാഗ് വാങ്ങിയ കട, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ അട്ടപ്പാടി ചുരം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.
കൊലനടത്തിയത് ഇവര്‍ തന്നെയെന്ന് സമ്മതിച്ചെങ്കിലും ഇതിനായി ഇവരെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതില്‍ പൊലീസിന് വ്യക്തത വരുത്താൻ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമാണ്. കൃത്യത്തിന് ശേഷം ഷിബിലിയുടെ ഒപ്പം പെരിന്തല്‍മണ്ണയില്‍ ജോലി ചെയ്ത പരിചയക്കാരനായ ഒരു ആസാം സ്വദേശിയുടെ വീട്ടിലേക്കാണ് പ്രതികള്‍ മുങ്ങാൻശ്രമിച്ചത്.
ഇതിനൊപ്പം സംഭവദിവസം തെക്കൻ ജില്ലയിലുള്ള ഒരു സുഹൃത്തിനോട് കോഴിക്കോടെത്താൻ ഫര്‍ഹാന ആവശ്യപ്പെട്ടിരുന്നതായി ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരക്കുള്ളതുകൊണ്ട് വരാനാകില്ലെന്ന് ഇയാള്‍ പ്രതികളെ അറിയിച്ചു. കൊലയെക്കുറിച്ച് ഇയാള്‍ക്ക് വിവരമില്ലായിരുന്നു എന്നാണ് സൂചന. കേസില്‍ ഇയാള്‍ സാക്ഷിയാകും എന്നാണ് വിവരം.