കൊല്ലം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ അക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്ഐക്കുമെതിരെ മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണമാണെന്നും മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ലഹരിക്കെതിരെ വാർത്തകൾ നൽകുമ്പോൾ എന്തിന് സിപിഎം അസ്വസ്ഥത കാണിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണ്. ഇതിൽ ആരെയോ വാർത്ത അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ വക വെക്കരുത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി തുടരണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്. രാത്രി ഏഴരയോടെ മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി അകത്ത് കയറിയ സംഘം കൊച്ചിയിലെ റീജിയണൽ ഓഫീസിലെ പ്രവർത്തനം തടസ്സപ്പെടുത്തി. കേരളം മുമ്പങ്ങും കാണാത്തവിധം ഒരു മാധ്യമ സ്ഥാപനത്തിന് അകത്ത് കടന്നുള്ള അതിക്രമത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.