കെര്‍സണ്‍: ഇന്നലെ യുക്രെയിനിന്റെ തെക്കൻ നഗരമായ കെര്‍സണിലെ ആശുപത്രിക്ക് നേരെ റഷ്യൻ ഷെല്ലാക്രമണത്തില്‍ ഒരു ഡോക്ടര്‍ കൊല്ലപ്പെടുകയും അഞ്ച് മെഡിക്കല്‍ തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ സമാധാനപരമായ താമസക്കാര്‍ക്ക് നേരെ ശത്രു മറ്റൊരു ആക്രമണം നടത്തി,” സൈനിക അഡ്മിനിസ്ട്രേഷൻ മേധാവി റോമൻ മ്രോച്ച്കോ ടെലിഗ്രാമിലൂടെ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ നഴ്സിന് പുറമെ നാല് മെഡിക്കല്‍ തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് റീജിയണല്‍ ഗവര്‍ണര്‍ ഒലെക്സാണ്ടര്‍ പ്രോകുഡിൻ പറഞ്ഞു. കൊല്ലപ്പെട്ട യുവ ഡോക്ടര്‍ ജോലിയില്‍ കയറിയിട്ട് കുറച്ച് ദിവസമായിട്ടേയുള്ളുവെന്നും പരിക്കേറ്റ നഴ്സിന്റെ ജീവനുവേണ്ടി ഡോക്ടര്‍മാര്‍ പോരാടുകയാണെന്നും മ്രോച്ച്കോ പറഞ്ഞു.ഷെല്ലാക്രമണത്തില്‍ ആശുപത്രിയുടെ ശസ്ത്രക്രിയാ വിഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചതായി പ്രോകുഡിൻ പറഞ്ഞു.
അതേസമയം, കഖോവ്ക അണക്കെട്ടിന്റെ നാശത്തെത്തുടര്‍ന്ന് കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും മാനസികാരോഗ്യ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുന്നതിനും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ചാരിറ്റി മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് പറഞ്ഞു.
വടക്കുകിഴക്കൻ ഗ്രാമമായ പെര്ഷോത്രവ്നേവിലുണ്ടായ മറ്റൊരു സംഭവത്തില്‍, ഉച്ചയ്ക്ക് 12 മണിയോടെ റഷ്യൻ ഷെല്ലാക്രമണത്തില്‍ ഒരു വൃദ്ധ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന്, ഖാര്‍കിവ് റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് പറഞ്ഞു.
റഷ്യൻ തലസ്ഥാനമായ മോസ്കോയിലും പരിസരങ്ങളിലും യുക്രെയ്ൻ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. ഇക്കഴിഞ്ഞ ഞായറാഴ്ചയും സമാന സംഭവമുണ്ടായിരുന്നു. യുദ്ധത്തില്‍ പരിഭ്രാന്തരായാണ് യുക്രെയ്ൻ മോസ്കോയില്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ നടത്തുന്നതെന്ന് റഷ്യൻ സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു.യുദ്ധം പതിയെ റഷ്യൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി പറഞ്ഞിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏല്ക്കാൻ അദ്ദേഹം തയാറായതുമില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ മോസ്കോക്ക് പുറത്ത് രണ്ട് യുക്രെയ്ൻ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നാണ് റഷ്യൻ പ്രതിരോധ വിഭാഗം അറിയിച്ചത്. മറ്റൊരു ഡ്രോണ്‍ തകര്‍ന്ന് മോസ്കോയിലെ വ്യാപാരപ്രദേശത്തുള്ള വലിയ കെട്ടിടത്തില്‍ ഇടിച്ചു. കെട്ടിടത്തിന്റെ പുറംഭാഗം കാര്യമായി തകര്‍ന്നിട്ടുണ്ട്.
ക്രെംലിന് ഏഴു കിലോമീറ്റര്‍ മാറിയാണ് ഈ സംഭവം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകൂടിയാണിത്.ഡ്രോണ്‍ ഇടിച്ച കെട്ടിടത്തിലാണ് സാമ്ബത്തിക വികസന മന്ത്രാലയ ഓഫിസുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിച്ച നിരവധി ഗ്ലാസ് പാനലുകള്‍ തകര്‍ന്ന നിലയിലാണ്. അതിനിടെ, കരിങ്കടലിലുള്ള തങ്ങളുടെ രണ്ടു യുദ്ധക്കപ്പലുകള്‍ക്കുനേരെ കിയവ് ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചതായും റഷ്യ ആരോപിച്ചു.