കെയ്റോ : ഈജിപ്റ്റില്‍ ചെങ്കടല്‍ തീരത്തുള്ള റിസോര്‍ട്ടിന് സമീപം കടലില്‍ നിന്തുന്നതിനിടെ റഷ്യൻ പൗരനെ കടിച്ചുകൊന്നെന്ന് കരുതുന്ന സ്രാവിനെ പ്രദേശവാസികള്‍ പിടികൂടി തല്ലിക്കൊന്നു.
വ്യാഴാഴ്ച ഗര്ഘാട നഗരത്തിലെ ഡ്രീം ബീച്ചില്‍ വച്ച് വ്ലാഡിമിര്‍ പൊപൊവ് എന്ന 23കാരൻ സ്രാവിന്റെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
യുവാവിനെ സ്രാവ് കടിച്ചെടുത്തുകൊണ്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി. യുവാവിന്റെ ശരീരം സ്രാവ് ഭക്ഷിച്ചിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികള്‍ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. ആക്രമണത്തിന് ഉത്തരവാദിയെന്ന് കരുതുന്ന ടൈഗര്‍ ഷാര്കിനെ കഴിഞ്ഞ ദിവസം തീരദേശവാസികള്‍ ബോട്ടിലെത്തി വലയിട്ട് പിടിച്ചു. യുവാവിനെ കൊന്നതിന് പകരമായി ഇവര്‍ സ്രാവിനെ ചാട്ടയും ലോഹദണ്ഡും കൊണ്ട് ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ സ്രാവാണ് വ്ലാഡിമിറിനെ കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടത്തിയ സ്രാവിനെ തങ്ങള്‍ പിടികൂടിയെന്നും എന്ത് കൊണ്ടാണ് അത് ആക്രമണം നടത്തിയതെന്നറിയാൻ ലബോറട്ടറി പരിശോധന നടത്തുമെന്നുമാണ് ഈജിപ്ഷ്യൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നത്. ചെങ്കടലില്‍ സ്രാവുകളുണ്ടെങ്കിലും ഇവ മനുഷ്യരെ അപൂര്‍വമായാണ് ആക്രമിക്കുന്നത്.