ആലപ്പുഴ: ആലപ്പുഴയിൽ അറസ്റ്റിലായ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ട് ദിവസത്തേക്ക് ആലപ്പുഴ സിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഡോറിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. വ്യാജ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി സെസി സേവ്യർ ഒളിവിൽ കഴിഞ്ഞിരുന്നത് ഇൻഡോറിലും ദില്ലിയിലുമാണ്. 21 മാസമാണ് സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത്.
അടുത്ത ദിവസം തന്നെ തെളിവെടുപ്പിനായി സെസിയുമായി അന്വേഷണ സംഘം ഇൻഡോറിലേക്ക് തിരിക്കും. സെസി വ്യാജ രേഖകൾ ഉണ്ടാക്കിയത് ഇവിടെനിന്നാണെന്നാണ് പൊലീസിന്റെ നിഗമനം. തിരവനന്തപുരം സ്വദേശിയായ അഭിഭാഷകന്റെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചായിരുന്നു സെസി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതിനിടെ ബാർ അസോസിയേഷൻ ഭാരവാഹിയുമായി മാറിയിരുന്നു.