ഏറേ ആരാധകരുള്ള ടെന്നീസ് താരമാണ് സെറീന വില്യംസ്. വീണ്ടും അമ്മയാകാന്‍ ഒരുങ്ങുകയാണ് സെറീന. ന്യൂയോര്‍ക്കിലെ മെറ്റ് ഗാലാ വേദിയില്‍ നിറവയറുമായാണ് സെറീന എത്തിയത്. ഒപ്പം ഭര്‍ത്താവും റെഡ്ഡിറ്റ് സഹ സ്ഥാപകനുമായ അലെക്സിസ് ഒഹാനിയനുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത സെറീന ആരാധകരെ അറിയിച്ചത്.
‘ഞങ്ങള്‍ മൂന്നു പേരേയും മെറ്റ് ഗാലയിലേക്ക് ക്ഷണിച്ചപ്പോള്‍ വളരേയധികം ആവേശത്തിലായിരുന്നു’ എന്നായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. സെറീനയുടേയും ഒഹാനിയന്റേയും രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവര്‍ക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. ഒളിമ്പ്യ അലക്സിസ് ഒഹാനിയന് എന്നാണ് മകളുടെ പേര്. 2017 നവംബര്‍ 16-നാണ് സെറീന അലെക്സിസ് ഒഹാനിയനെ വിവാഹം ചെയ്തത്. 2015-ല്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. 2017 സെപ്റ്റംബറില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും നവംബറില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.
അതേസമയം, ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആലിയ ഭട്ടും ഇത്തവണത്തെ മെറ്റ് ഗാലയില്‍ പങ്കെടുത്തു. ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാലയാണ് ഇത്. വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണായിരുന്നു ആലിയയുടെ ഔട്ട്ഫിറ്റ്. കാഴ്ച്ചയില്‍ സിംപിള്‍ ലുക്ക് തോന്നിപ്പിക്കുന്ന ഈ ഗൗണ്‍ ഒരു ലക്ഷത്തോളം പവിഴമുത്തുകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയത്. ചിത്രങ്ങള്‍ ആലിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സ്ലീവ്ലെസ് ആയ, ഡീപ് നെക്കും നീണ്ട ട്രെയ്നുള്ള ഈ ഗൗണില്‍ ആലിയ ഒരു വധുവിനെ പോലെ സുന്ദരിയായിരുന്നു. വജ്രമോതിരങ്ങളും വജ്രക്കമ്മലുമാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗെര്ഫെല്ഡിനോടുള്ള ആദരസൂചകമായി ഡയമണ്ട് പതിപ്പിച്ച ഫിംഗര്വലെസ് ഗ്ലൗവും താരം അണിഞ്ഞിരുന്നു. സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കില്‍ നിന്നാണ് ഈ ഗൗണിന്റെ പ്രചോദനം. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നില്‍ സ്ലിറ്റുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം.