റോം : കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് അതിശക്തമായ ഉഷ്ണതരംഗം യൂറോപ്യൻ രാജ്യങ്ങളില്‍ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്.തീവ്രതയേറിയ ‘ സെര്‍ബെറസ് ‘ എന്ന ഉഷ്ണതരംഗത്തിന്റെ ഭീതിയിലാണ് തെക്കൻ യൂറോപ്പ്. ഇറ്റലിയില്‍ ഒരാളുടെ ജീവൻ ഇതിനോടകം സെര്‍ബെറസ് കവര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇറ്റലിയില്‍ നിരവധി ടൂറിസ്റ്റുകള്‍ക്കാണ് കടുത്ത ചൂടിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്.സഹാറാ മരുഭൂമിയിലെ അന്തരീക്ഷത്തില്‍ രൂപപ്പെട്ട ഒരു ആന്റി സൈക്ലോണ്‍ സിസ്റ്റം അല്ലെങ്കില്‍ ഘടികാരദിശയിലുള്ള വായുചലനമായ എതിര്‍ച്ചുഴലിയാണ് സെര്‍ബെറസ്. സഹാറാ മേഖലയിലെ ഉയര്‍ന്ന മര്‍ദ്ദമാണ് സെര്‍ബെറസിന് കാരണം.
സെര്‍ബെറസ് വിതക്കുന്ന ശക്തമായ ചൂട് വരുംദിവസങ്ങളില്‍ ഇറ്റാലിയൻ ദ്വീപുകളായ സാര്‍ഡീനിയ, സിസിലി എന്നിവിടങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.ചൊവ്വാഴ്ച ഇറ്റലിയിലെ മിലാനിലാണ് മരണം രേഖപ്പെടുത്തിയത്. 44കാരനായ റോഡ് നിര്‍മ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 40 ഡിഗ്രി സെല്‍ഷ്യസ് വരെ അന്ന് മിലാനിലെ താപനില എത്തിയിരുന്നു. ക്രൊയേഷ്യ, ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ, തുര്‍ക്കി എന്നിവിടങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. 2021 ഓഗസ്റ്റില്‍ സിസിലിയില്‍ 48.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. യൂറോപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.റോം, ബൊലോന്യ, ഫ്ലോറൻസ് തുടങ്ങി 10 ഇറ്റാലിയൻ നഗരങ്ങള്‍ റെഡ് അലേട്ടിലാണ്. അതേ സമയം, വടക്കേ ആഫ്രിക്കയില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ട്യൂണീഷ്യയില്‍ ഇതിനോടകം 49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഈ ആഴ്ച അവസാനം തെക്കൻ സ്പെയിനില്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും ഗ്രീസില്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കും. ഫ്രാൻസില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എത്തിയേക്കും.
ഗ്രീക്ക് പുരാണത്തിലെ ഏറ്റവും ഭയാനകമായ രൂപങ്ങളിലൊന്നാണ് സെര്‍ബെറസ്. മൂന്ന് തലയുള്ള ഒരു ഭീകരൻ നായ ആണ് സെര്‍ബെറസ്. പാമ്ബിന്റേത് പോലുള്ള വാലോട് കൂടിയ സെര്‍ബെറസ് ആണ് നരക കവാടത്തിന്റെ കാവല്ക്കാരൻ. മരിച്ചവരെ മാത്രമേ സെര്‍ബെറസ് കവാടത്തിനുള്ളിലേക്ക് കടത്തിവിടൂ. ആരെയും പുറത്തുപോകാനും അനുവദിക്കില്ല. വളരെ ക്രൂരനായിരുന്ന സെര്ബെറസിനെ ദേവൻമാര് പോലും ഭയപ്പെട്ടിരുന്നത്രെ. ഇറ്റാലിയൻ കവി ഡാന്റെ അലിഘ്യേരി 14ാം നൂറ്റാണ്ടില്‍ രചിച്ച ഇതിഹാസ കാവ്യമായ ഡിവൈൻ കോമഡിയുടെ ആദ്യഭാഗമായ ‘ ഇൻഫെര്‍ണോ’യില്‍ സെര്ബെറസിനെ കാണാം. ഇറ്റാലിയൻ കാലാവസ്ഥാ വിദഗ്ദ്ധരാണ് ഇപ്പോഴത്തെ ഉഷ്ണതരംഗത്തിന് സെര്ബെറസിന്റെ പേര് നല്‍കിയത്.